ഒരു സംഘം ക്രിമിനലുകള്‍ ആസൂത്രണം ചെയ്തത് എന്ന് തോന്നിക്കുംവിധം നടന്ന ഡല്‍ഹിയിലെ 25 കോടി രൂപയുടെ ജ്വല്ലറി കവര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരാളുടെ ബുദ്ധിയും സാമര്‍ത്ഥ്യവും. ഛത്തീസ്ഗഡ് സ്വദേശിയായ 32 കാരനായ ലോകേഷ് ശ്രീവാസാണ് ഡല്‍ഹിയെ നടുക്കിയ 25 കോടി രൂപയുടെ ജ്വല്ലറി കവര്‍ച്ച ഏറെ തന്ത്രത്തോടെ നടത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ അറസ്റ്റിലായത്.
ഡല്‍ഹിയിലെ ഭോഗല്‍ പ്രദേശത്തെ ഉമ്രാവോ ജ്വല്ലേഴ്സില്‍ നടന്ന മോഷണം രാജ്യതലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ കവര്‍ച്ചയായാണ് അറിയപ്പെടുന്നത്. ഛത്തീസ്ഗഡില്‍ നിന്ന് ഒറ്റയ്ക്ക് ഒരു ബസ്സില്‍ യാത്ര ചെയ്താണ് ഡല്‍ഹിക്ക് ശ്രീവാസ് എത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്തെ പറ്റി ഒരന്വേഷണം നടത്തുകയും തിങ്കളാഴ്ചകളില്‍ ജ്വല്ലറി അടച്ചിട്ടിരിക്കുമെന്നും അയാള്‍ മനസ്സിലാക്കി.
ഞായറാഴ്ച രാത്രി അയാള്‍ ജ്വല്ലറിയില്‍ പ്രവേശിച്ചത് അടുത്തുള്ള കെട്ടിടത്തിന്റെ ടെറസിലൂടെയായിരുന്നു. എന്നിട്ട് മണിക്കൂറുകളോളം അകത്ത് കാംപ് ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച 20 -25 കോടി രൂപയുടെ സ്വര്‍ണ്ണവും വജ്രങ്ങളും കുറച്ച് പണവുമായാണ് അയാള്‍ കടന്നു കളഞ്ഞത്.
അന്വേഷണം നടത്തുന്ന പൊലിസ് കവര്‍ച്ചയുടെ ആസൂത്രണം കണ്ട് അത്ഭുതപ്പെട്ടു. പ്രദര്‍ശിപ്പിച്ചിരുന്ന എല്ലാ ആഭരണങ്ങളും മോഷ്ടിച്ചതിന് പുറമെ, ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്ട്രോങ് റൂമില്‍ പ്രവേശിച്ച് അവിടുത്തെ ആഭരണങ്ങളും കൂടി മോഷ്ടിച്ചു. 15 -20 മണിക്കൂറാണ് ഇയാള്‍ ജ്വല്ലറിക്കടയ്ക്കകത്ത് ചെലവഴിച്ചത്. തിങ്കളാഴ്ച ഇയാള്‍ പുറത്തു കടക്കുമ്പോള്‍ ഇയാളുടെ കൈയില്‍ 30 കിലോയോളം ആഭരണങ്ങളും 5 ലക്ഷം രൂപയും ഉണ്ടായിരുന്നു. അതിന് ശേഷം ഡല്‍ഹിയിലെ ഐഎസ്ബിടിയില്‍ നിന്ന് ഛത്തീസ്ഗഡിലേക്ക് ബസ്സില്‍ മടങ്ങുകയുമായിരുന്നു.

