സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയര്‍മാന്‍ ദിനേഷ് ഖാരയുടെ കാലാവധി സര്‍ക്കാര്‍ അടുത്ത വര്‍ഷം ഓഗസ്റ്റ് വരെ നീട്ടിയെന്ന് സര്‍ക്കാരിനോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. അടുത്ത വര്‍ഷം 63 അദ്ദേഹത്തിന് 63 വയസ്സ് തികയുന്നത് വരെയാണ് കാലാവധി നീട്ടിയത്. എസ്ബിഐ ചെയര്‍മാന് 63 വയസ് വരെ സേവനത്തിന് അനുമതി നല്‍കുന്ന നിയമമനുസരിച്ചാണ് ഖാരയ്ക്കും സേവന കാലാവധി നീട്ടി നല്‍കിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വൈകാതെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
2020 ഒക്ടോബര്‍ 7 നാണ് എസ്ബിഐയുടെ ചെയര്‍മാനായി ദിനേശ് ഖാര ചുമതലയേറ്റിരുന്നത്. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തെ കാലാവധിയാണ് അദ്ദേഹത്തിന് നല്‍കിയത്. എസ്ബിഐ ചെയര്‍മാന്റെ പ്രായപരിധി രണ്ട് വര്‍ഷം കൂടി നീട്ടാനും 65 വയസ്സ് വരെ സേവനത്തിന് അനുമതി നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മറ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടര്‍മാരുടെ പ്രായപരിധി നിലവിലെ പരിധിയായ 60 ല്‍ നിന്ന് 62 ആയി ഉയര്‍ത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

