ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാനായ രത്തന്‍ ടാറ്റ നവ മാധ്യമങ്ങളില്‍ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുളളതും ആരാധകരുമുള്ള ബില്യണയര്‍മാരില്‍ പ്രധാനിയാണ്. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റും കമ്പനിയിലെ ജനറല്‍ മാനേജറുമായ ശന്തനു നായ്ഡുവിന്റെ കൂടെയാണ് അദ്ദേഹത്തെ പലപ്പോഴും കാണാനാവുക. രത്തന്‍ ടാറ്റയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ശന്തനുവിനെ ആളുകള്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്. അന്ന് മുതലാണ് ശന്തനു ഇന്‍ഡസ്ട്രിയിലെ അറിയപ്പെടുന്ന മുഖമായി മാറിയത്.
ഗുഡ്‌ഫെല്ലോസ് കമ്പനിയുടെ സ്ഥാപകനായും രത്തന്‍ ടാറ്റയുടെ അസിസ്റ്റന്റായിട്ടുമാണ് ഇന്ന് ശന്തനു അറിയപ്പെടുന്നത്. എന്നാല്‍ രത്തന്‍ ടാറ്റക്കു വേണ്ടി അദ്ദേഹം ജോലി ചെയ്യാന്‍ എങ്ങനെ എത്തി എന്നത് ചുരുക്കം ചിലര്‍ക്ക് മാത്രം അറിയാവുന്ന കാര്യമാണ്.
പൂനെയില്‍ ജനിച്ചു വളര്‍ന്ന ശന്തനു സാവിത്രിബായ് ഫൂലേ പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2014 ല്‍ എഞ്ചിനിയറിംഗ് ഡിഗ്രി കരസ്ഥമാക്കി. 2016 ല്‍ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേസ് പഠിക്കാന്‍ വേണ്ടി കോര്‍ണല്‍ ജോണ്‍സണ്‍ ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലേക്ക് പോയി.
അതിനു ശേഷം പൂനെ ടാറ്റ എല്‍ക്‌സിയില്‍ ഓട്ടോമൊബൈല്‍ ഡിസൈന്‍ എഞ്ചിനിയറായി ജോലിയില്‍ പ്രവേശിച്ചു. റോഡില്‍ ഇടയ്ക്കിടെ നായകള്‍ വണ്ടിയിടിച്ച് മരിക്കുന്നത് ശന്തനു ശ്രദ്ധിക്കാനിടയായി. ഓവര്‍സ്പീഡിംഗ് കാരണം നായ്ക്കള്‍ മരിക്കുന്നതും, അവയുടെ ശവങ്ങള്‍ നിരന്തരം കാണാനിടയായതും അയാളെ വേദനിപ്പിച്ചു, ഒപ്പം പുതിയ ഒരാശയവും മനസില്‍ ഉദിച്ചു.
നായ്ക്കള്‍ക്ക് വേണ്ടി ഒരു കോളര്‍ നിര്‍മ്മിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഇതാണ്. ഈ കോളര്‍ ധരിച്ചാല്‍ പിന്നെ സ്ട്രീറ്റ്‌ലൈറ്റ് ഇല്ലെങ്കില്‍ കൂടി ഇവയെ ആളുകള്‍ക്ക് കാണാന്‍ സാധിക്കും. തന്റെ ബിസിനസ്സ് വെന്‍ചറിനെക്കുറിച്ച് രത്തന്‍ ടാറ്റക്ക് ശന്തനു കത്തയക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ പിന്തുണ കിട്ടുന്നതിനായി.
ആശ്ചര്യമെന്നു പറയട്ടെ രത്തന്‍ ടാറ്റ അതിന് സമ്മതിക്കുകയും ചര്‍ച്ചക്ക് ശന്തനുവിനെ ക്ഷണിക്കുകയും ചെയ്തു. ഇരുവരും നായസ്‌നേഹികളാണ് എന്നതാണ് ഇവര്‍ക്കിടയിലെ സൗഹൃദത്തിനും വഴിയൊരുക്കിയത് എന്നതാണ് രസകരമായ കാര്യം. ആ സൗഹൃദമാണ് പിന്നീട് രത്തന്‍ ടാറ്റയുടെ അസിസ്റ്റന്റായി ജോലി ചെയ്യാനുള്ള അവസരം ശന്തനുവിന് നല്‍കിയത്. കൂടാതെ, കമ്പനിയിലെ ജനറല്‍ മാനേജറായും ശന്തനുവിന് ജോലി കിട്ടി.
രത്തന്‍ ടാറ്റ ശന്തനുവിന്റെ പുതിയ സ്റ്റാര്‍ട്ട് അപ്പായ ഗുഡ്‌ഫെല്ലോസിലും നിക്ഷേപം നടത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സഹായഹസ്തം നല്‍കുകയയാണ് ഗുഡ്‌ഫെല്ലോസിന്റെ ലക്ഷ്യം. അതിനുള്ള പ്രവര്‍ത്തനമാണ് കമ്പനി നടത്തുന്നതും. ഏകദേശം 5 കോടി രൂപയുടെ ആസ്തിയുണ്ട് ഗുഡ്‌ഫെല്ലോസിന്.

