മുന്‍നിര വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ അറ്റ ലാഭം സെപ്റ്റംബര്‍ 2023 ല്‍ അവസാനിച്ച പാദത്തില്‍ 80 ശതമാനം ഉയര്‍ന്ന് 3,716 കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തില്‍ 2,061 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റലാഭം.
രണ്ടാം പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 24 ശതമാനം ഉയര്‍ന്ന് 37,062 കോടി രൂപയായി. ഈ പാദത്തിലാണ് മാരുതി സുസുക്കി തങ്ങളുടെ എക്കാലത്തെയും മികച്ച ത്രൈമാസ വില്‍പനയും അറ്റാദായവും രേഖപ്പെടുത്തിയത്.
എസ്യുവികളായ ബ്രെസ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്സ്, ജിംനി എന്നിവയുടെ ഡിമാന്‍ഡിലുണ്ടായ വര്‍ധനയാണ് മാരുതിക്ക് നേട്ടമായത്. മള്‍ട്ടിപര്‍പ്പസ് വാഹനങ്ങളുടെ (എംപിവി) വില്‍പ്പനയും ഉയര്‍ന്നു. ആകെ വില്‍പ്പനയുടെ 32% എസ്യുവികളും എംപിവികളുമാണ്.
5.52 ലക്ഷം വാഹനങ്ങളാണ് ഈ പാദത്തില്‍ കമ്പനിക്ക് വില്‍ക്കാനായത്. ആഭ്യന്തര വില്‍പന 4.82 ലക്ഷം യൂണിറ്റുകളായിരുന്നു. 69,324 കാറുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ മൊത്ത വില്‍പന 5.17 ലക്ഷം യൂണിറ്റുകളായിരുന്നു.

