2 കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കില്‍ മാറ്റം വരുത്തി സ്വകാര്യ മേഖലയിലുള്ള ആര്‍ബിഎല്‍ ബാങ്ക്. ഇനിമുതല്‍ 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവില്‍ മെച്വര്‍ ആകുന്ന എഫ്ഡികള്‍ക്ക്, സാധാരണ പൗരന്മാര്ക്ക് 3.5% മുതല്‍ 7.80% വരെയും, മുതിര്‍ന്ന പൗരന്മാര്ക്ക് 4.00% മുതല്‍ 8.3% വരെ പലിശനിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഒക്ടോബര്‍ 16 മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്.
453 ദിവസം മുതല്‍ 24 മാസത്തില്‍ താഴെയുള്ള കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് 7.80 ശതമാനത്തിന്റെയും മുതിര്‍ന്ന പൗരന്മാര്ക്ക് 8.30 ശതമാനത്തിന്റെയും പരമാവധി റിട്ടേണാണ് ആര്‍ബിഎല്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
60 മുതല്‍ 80 വയസ്സു വരെയുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് വര്‍ഷം തോറും 0.50 ശതമാനത്തിന്റെ അധിക പലിശനിരക്കും 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 0.75 ശതമാനത്തിന്റെ അധിക പലിശനിരക്കും ലഭ്യമാകുമെന്നാണ് ബാങ്കിന്റെ വെബ്സൈറ്റില്‍ പറയുന്നത്. നോണ്‍ റെസിഡന്റ് സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇത് ബാധകമല്ല.
കാലാവധി എത്തും മുമ്പ് സ്ഥിരനിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ നിക്ഷേപം നടത്തിയ തീയതിയും അത് ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന സമയത്തും ബാധകമായ നിരക്കിലാകും പലിശ നല്‍കുക. 1 ശതമാനം പിഴ ഈടാക്കുകയും ചെയ്യും. എന്നാല്‍ മുതിര്‍ന്ന പൗരന്മാര് സ്ഥിരനിക്ഷേപം നേരത്തെ പിന്‍വലിക്കുകയാണെങ്കില്‍ പിഴ ഈടാക്കുകയില്ല.

