ഇന്ത്യന്‍ ഓഹരി വിപണികള്‍ വരുന്ന അഞ്ച് വര്‍ഷത്തില്‍ ഇരട്ടിയാകുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചെയര്‍മാനും സഹസ്ഥാപകനുമായ രാംദേവ് അഗര്‍വാള്‍. വരുന്ന 10 വര്‍ഷത്തില്‍ വിപണികള്‍ നാലിരട്ടിയായി വളരുമെന്നും അഗര്‍വാള്‍ പ്രവചിക്കുന്നു.
‘ഇന്ത്യ ഇപ്പോള്‍ വ്യത്യസ്തമായ ഒരു സമയചക്രത്തിലാണ്, ഇവിടെ നമുക്ക് കോര്‍പ്പറേറ്റുകളുടെ നവീകരണങ്ങള്‍ കാണാനാവും. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യ ഇന്‍കിന്റെ മൊത്ത വരുമാനം പ്രതീക്ഷിച്ച 26 ശതമാനവും കടന്ന് 32 ശതമാനം വര്‍ധിച്ചു. ഇന്ത്യ വിജയത്തിന്റെ പാതയിലാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൂചികകള്‍ ഇരട്ടിയും പത്ത് വര്‍ഷത്തിനുള്ളില്‍ നാലിരട്ടിയും വര്‍ദ്ധിക്കും,’ അഗര്‍വാള്‍ പറഞ്ഞു.
2023 സെപ്തംബര്‍ 15 ന് ബിഎസ്ഇ സെന്‍സെക്സ് 67,927 എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. നിഫ്റ്റി50 20,222 ലെവലിലും എത്തി. പിന്നീട് യുഎസ് ട്രഷറി വരുമാനത്തിലുണ്ടായ ഇടിവും പശ്ചിമേഷ്യയിലെ അപ്രതീക്ഷിത സംഘര്‍ഷവും സൂചികയില്‍ ഏകദേശം 6 ശതമാനം ഇടിവിന് കാരണമായി.
ഇന്ത്യയുടെ ഗണ്യമായ സമ്പാദ്യ സാധ്യതകളും വര്‍ദ്ധിച്ചുവരുന്ന ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണവും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ നിക്ഷേപകരുടെ മുന്നിലുള്ള പാത ഓഹരികളാണെന്ന് അഗര്‍വാള്‍ പറഞ്ഞു. ‘ഇന്ത്യ 10-12 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള മൊത്തം സമ്പാദ്യത്തിലാണ് ഇരിക്കുന്നത്, ഇത് 25 വര്‍ഷത്തിനുള്ളില്‍ 100-150 ട്രില്യണ്‍ ഡോളറായി വളരും. അതിനാല്‍, വിപണികള്‍ സമ്പാദ്യത്തിന്റെ സുനാമിയിലാണിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പ്രതിമാസം മൂന്ന് ദശലക്ഷം ഡീമാറ്റ് അക്കൗണ്ടുകള്‍ പുതുതായി തുടങ്ങുന്നുണ്ടെന്നും ഈ മേഖലയിലെ വളര്‍ച്ചയുടെ സാധ്യത ഇത് ഗണ്യമായി ഉയര്‍ത്തുന്നുപണ്ടെന്നും അഗര്‍വാള്‍ പറഞ്ഞു.































