പ്രമുഖ വിദ്യാഭ്യാസ-ടെക്നോളജി കമ്പനിയായ ബൈജൂസ് തങ്ങളുടെ യു എസ് കമ്പനിയായ എപിക്കിനെ വില്‍ക്കുന്നു. കുട്ടികളുടെ ഡിജിറ്റല്‍ റീഡിംഗ് പ്ളാറ്റ്ഫോമായ എപിക് ക്രിയേഷന്‍സിനെ ജോഫ്റേ കാപ്പിറ്റല്‍ ലിമിറ്റഡിന് വില്‍ക്കാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
400 മില്യണ്‍ ഡോളറിന് എപിക്കിനെ വില്‍ക്കാനാണ് ബൈജൂസിന്റെ ആലോചന. നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഫണ്ട് സമാഹരിക്കുകയാണ് ലക്ഷ്യം.
വിവാദത്തിലായ 1.2 ബില്യണ്‍ ഡോളര്‍ വായ്പ അടയ്ക്കാനായി പുതിയ ഫണ്ട് സമാഹരണം ബൈജൂസിനെ സഹായിച്ചേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബൈജൂസ്. വായ്പയുടെ മുഴുവന്‍ തുക 6 മാസത്തിനുള്ളില്‍, തിരിച്ചടക്കുമെന്ന് ബൈജൂസ് വായ്പദാതാക്കള്‍ക്ക് വാക്ക് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആസ്തി വില്പനയിലൂടെ തിരിച്ചടവ് നടത്താനാണ് പദ്ധതി.
2021 ലാണ് ആഗോള വ്യാപനത്തിന്റെ ഭാഗമായി 500 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് എപിക്കിനെ ബൈജൂസ് വാങ്ങിയത്. പത്ത് വര്‍ഷത്തിന് മുമ്പ് സ്ഥാപിതമായ യുഎസ് സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ 40,000 ത്തിലധികം പുസ്തകങ്ങളുണ്ടെന്നാണ് വെബ്സൈറ്റില്‍ പറയുന്നത്.

