ആഗോള ഐടി വ്യവസായത്തില്‍ ഐബിഎസിന്റെ വളര്‍ച്ച കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷത്തിന്റെ നേര്‍സാക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് ഐബിഎസ് സോഫ്റ്റ്വെയറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ക്യാമ്പസ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐബിഎസിന്റെ കൊച്ചിയിലെ അത്യാധുനിക കാമ്പസ് ലോകോത്തര വ്യവസായങ്ങള്‍ കേരളത്തിലുണ്ടെന്ന് കാണിക്കുന്നു. കേരളത്തില്‍ വ്യവസായം വളരില്ലെന്ന് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഐബിഎസ് നല്‍കുന്നത്. കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷത്തിന്റെ ബ്രാന്‍ഡ് അമ്പാസിഡറാണ് ഐബിഎസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ് എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സാങ്കേതിക വിദ്യാധിഷ്ഠിത വ്യവസായം നല്ല രീതിയില്‍ വളരുകയാണ്. അതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവാണ് സോഫ്റ്റ്വെയര്‍ കയറ്റുമിതിയിലെ വര്‍ധനവ്. 19,066 കോടി രൂപയുടെ കയറ്റുമതിയാണ് 2022-23 വര്‍ഷത്തില്‍ നടന്നത്. രാജ്യത്തെ ഐടി കയറ്റുമതിയുടെ 10 ശതമാനം കേരളത്തില്‍ നിന്നാകണമെന്ന് ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. കൊച്ചിയില്‍ ആരംഭിച്ച ടെക്‌നോളജി ഇനോവേഷന്‍ സോണ്‍ പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങിയാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇനോവേഷന്‍ സ്ഥാപനമാകും അത്. എയ്‌റോ സ്‌പേസ് മേഖലയില്‍ കെ-സ്‌പേസ് സ്ഥാപിക്കുന്ന തിരുവനന്തപുരത്ത് മികവിന്റെ കേന്ദ്രം ഉടന്‍ യാഥാര്‍ഥ്യമാകും.
ദേശീയ അന്തര്‍ദേശീയ കമ്പനികളെ ആകര്‍ഷിക്കുന്നതിന് ഭൂമി, കെട്ടിടം, സ്മാര്‍ട്ട് ബിസിനസ് സെന്ററുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഐടി പാര്‍ക്കുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഐടി പാര്‍ക്കുകള്‍ നേരിട്ടും ഉപസംരംഭകര്‍ വഴിയും 2 കോടി ചതുരശ്രയടി സ്ഥലം കേരളത്തിലുണ്ട്.
മൂന്നു ടെക്‌നോളജി പാര്‍ക്കുകളിലുമായി 2016 ന് ശേഷം 509 പുതിയ കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങി. 63,000 പുതിയ ഐടി പ്രൊഫഷണലുകള്‍ക്ക് ജോലി ലഭിച്ചു. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300 ല്‍ നിന്ന് 5000 ആയി ഉയര്‍ന്നു. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ ദേശീയ റേറ്റിംഗിലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌ക്കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ലഭിച്ചത്. അഫോര്‍ഡബിള്‍ ടാലന്റ് റേറ്റിംഗില്‍ ഏഷ്യയില്‍ ഒന്നാമതാണ് കേരളം.
നിര്‍ദ്ദിഷ്ട തിരുവനന്തപുരം ടെക്‌നോ സിറ്റിയില്‍ ജോലി, പാര്‍പ്പിടം, ഷോപ്പിംഗ്, ആശുപത്രി, വിദ്യാഭ്യാസസ്ഥാപനം തുടങ്ങിയ സമഗ്രമായ സൗകര്യങ്ങളുണ്ടാകും. ദേശീയ പാതയില്‍ കണ്ണൂര്‍-തിരുവനന്തപും വരെ 20 ചെറുകിട 5ജി ഐടി പാര്‍ക്കുകള്‍ വരാന്‍ പോവുകയാണ്. 5000 മുതല്‍ 50000 ചതുരശ്രയടി വിസ്തൃതിയുള്ള ഐടി സ്‌പേസ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കിക്കഴിഞ്ഞു. സ്വകാര്യ സംരംഭകരെ കൂടി ഉള്‍പ്പെടുത്തി ആഗോള ഐടി മേളകളില്‍ പങ്കെടുത്ത് കേരളത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍, മാനവശേഷി ലഭ്യത, നിക്ഷേപസാധ്യതകള്‍ എന്നിവ ലോകവുമായി പങ്ക് വയ്ക്കും.
വ്യവസായങ്ങളും സംരംഭകരും ഒത്തു ചേരുമ്പോള്‍ എല്ലാ പിന്തുണയും നല്‍കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ലോകത്തെ എയര്‍കാര്‍ഗോ മേഖലയിലെ സോഫ്റ്റ്വെയര്‍ ബിസിനസിന്റെ 50 ശതമാനത്തിലധികം ഐബിഎസിന്റേതാണെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച ഐബിഎസ് സോഫ്റ്റ്വെയര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ് പറഞ്ഞു. ഐടി മേഖലയുടെ സ്വഭാവം ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ്. സോഫ്റ്റ്വെയര്‍ ജോലി കോഡിംഗില്‍ നിന്ന് ജനറേറ്റീവ് എഐ ഉപയോഗിച്ചുള്ള പ്രോംപ്റ്റിംഗിലേക്ക് മാറുകയാണ്. ഈ കഴിവ് വികസിപ്പിച്ചെടുക്കണമെന്നും അദ്ദേഹം ഐടി ജീവനക്കാരോട് പറഞ്ഞു.

