ഫ്രാന്‍സിന് പുറമെ ശ്രീലങ്കയിലും മൗറീഷ്യസിലും യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങി. ഈ രാജ്യങ്ങളില്‍ യുപിഐ സേവനം ഫെബ്രുവരി 12 മുതല്‍ ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്ത്യയുടെ യുപിഐ പേമെന്റ് സംവിധാനം വെന്നിക്കൊടി പാറിച്ചത്. കൂടാതെ, റുപേ കാര്‍ഡ് സേവനങ്ങളും മൗറീഷ്യസില്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഫിന്‍ടെക് ഇന്നൊവേഷനിലും ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിലും ഇന്ത്യ ഒരു ആഗോള നേതാവായി ഉയര്‍ന്നുകഴിഞ്ഞുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ മാസം ആദ്യം മുതലാണ് ഫ്രാന്‍സില്‍ യുപിഐ സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങിയത്. ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് യുപിഐയിലൂടെ ഇടപാട് നടത്താം. യുപിഐ അംഗീകരിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്.

