ഏറ്റവും ജനപ്രീതിയാര്‍ജിച്ച രണ്ട് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറച്ച് ടാറ്റ മോട്ടോഴ്‌സ്. നെക്സണ്‍, ടിയാഗോ ഇവികളുടെ വിലയാണ് താഴ്ത്തിയിരിക്കുന്നത്. ബാറ്ററി വില കുറഞ്ഞതിന്റെ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് കൈമാറുകയാണെന്ന് കമ്പനി അറിയിച്ചു.
നെക്സണ്‍ ഇവിയുടെ വില 1.2 ലക്ഷം രൂപ വരെ കുറയും. നെക്സണിന്റെ പ്രാരംഭ വില 14.49 ലക്ഷം മുതലായിരിക്കും. അതേസമയം ടിയാഗോ ഇവിയുടെ വില 70,000 രൂപ കുറച്ച് 7.99 ലക്ഷം രൂപയാക്കി. ലോംഗ് റേഞ്ച് നക്സണ്‍ ഇവിയുടെ (465 കി.മീ) വില 16.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കും.
”ഇവിയുടെ മൊത്തത്തിലുള്ള ചെലവിന്റെ ഗണ്യമായ ഭാഗമാണ് ബാറ്ററിയുടെ വില. ബാറ്ററി സെല്ലുകളുടെ വില അടുത്ത കാലത്തായി കുറഞ്ഞിട്ടുണ്ട്. ഭാവിയില്‍ വില താഴാനുള്ള സാധ്യതയും കണക്കിലെടുത്ത് ഇതിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് കൈമാറാന്‍ ഞങ്ങള്‍ തീരുമാനിച്ചു,’ ടിപിഇഎം ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവത്സ പറഞ്ഞു.
ബാറ്ററി വില കുറഞ്ഞതിന്റെ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് കൈമാറുകയാണെന്ന് കമ്പനി അറിയിച്ചു
ടാറ്റ നെക്‌സോണ്‍ ഇവിയുടെ പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇപ്പോള്‍ ഒന്നിലധികം വേരിയന്റുകളില്‍ ലഭ്യമാണ്. വാഹനത്തിന്റെ ഹൈലൈറ്റ് അതിന്റെ രണ്ടാം തലമുറ ഇലക്ട്രിക് മോട്ടോറാണ്. അത് കൂടുതല്‍ ഒതുക്കമുള്ളതും ഏകദേശം 20 കിലോ ഭാരം കുറഞ്ഞതും 145 എച്ച്പി പവറും 215 എന്‍എം ടോര്‍ക്കും നല്‍കുന്നതുമാണ്. ഫുള്‍ ചാര്‍ജില്‍ 273 കിലോമീറ്റര്‍ മിക്സഡ് (നഗരവും ഹൈവേയും) റേഞ്ച് ലഭിക്കും.

