തിരുപ്പൂരെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍വരുന്നത് വിലക്കുറവില്‍ വസ്ത്രവിസ്മയം സൃഷ്ടിക്കുന്ന ഒരു നഗരമെന്ന ചിത്രമാണ്. ഒപ്പം മനസിലേക്ക് ബനിയനുകളുടെയും ടീ ഷര്‍ട്ടുകളുടെയും ചിത്രമെത്തും. അതിനാല്‍ തന്നെയാണ് ഈ നഗരത്തെ ഇന്ത്യയിലെ ബനിയന്‍സിറ്റി എന്ന് വിശേഷിപ്പിക്കുന്നത്.പരുത്തിനൂലും വസ്ത്രനിര്‍മ്മാണവും അനുബന്ധ ഘടകങ്ങളുമൊക്കെയാണ് തിരുപ്പൂരിന്റെ പ്രത്യേകത.
വസ്ത്രവ്യവസായവുമായി ബന്ധപ്പെട്ട ഇരുപതിനായിരത്തോളം സ്ഥാപനങ്ങള്‍ ആണ് ഈ നഗരത്തില്‍ ഉള്ളത്.
നൊയ്യാല്‍ നടിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഉറക്കമില്ലാത്ത നഗരമെന്നാണ് തിരുപ്പൂരിനെ വിശേഷിപ്പിക്കുന്നത് തന്നെ. ദിവസവും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.ഏതു ഫാഷനിലും ഏതു നിലവാരത്തിലുമുള്ള വസ്ത്രങ്ങള്‍ നെയ്‌തെടുക്കാനും എത്തിച്ചു നല്‍കാനുമുള്ള ആര്‍ജവം ഈ നഗരത്തിലെ വ്യാപാരികള്‍ക്കുണ്ട്. ബട്ടണ്‍ നിര്‍മ്മാണം മുതല്‍ പാക്കിംഗ് ഉള്‍പ്പെടെയുള്ള മേഖലകള്‍. ഏഴായിരത്തോളം യൂണിറ്റുകള്‍. ഏഴുലക്ഷത്തോളം തൊഴിലാളികള്‍, അങ്ങനെ പ്രത്യേകതകള്‍ നിരവധിയാണ് തിരുപ്പൂരിന്. വനിതാതൊഴിലാളികളാണ് തിരുപ്പൂരില്‍ ഏറിയപങ്കും.
നൂല്‍ നൂല്‍പ്, ചായംമുക്കല്‍, നെയ്ത്ത്, തുന്നല്‍, ബട്ടണ്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണം, തരംതിരിക്കല്‍, പാക്കിംഗ്. ഇങ്ങനെ പലപല യൂണിറ്റുകള്‍ തിരുപ്പൂരില്‍ പ്രവര്‍ത്തിക്കുന്നു. ആറു വ്യവസായ പാര്‍ക്കുകള്‍, രു ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയും തിരുപ്പൂരിന് ഉണ്ട്.
ഏതു ബ്രാന്‍ഡിലും ഏതു വിലയ്ക്കും ഏതു പ്രായത്തിലുള്ളവര്‍ക്കുമുള്ള വസ്ത്രങ്ങള്‍ ഇവിടെ ലഭിക്കും എന്നതാണ് പ്രത്യേകത. ചെറിയ കുറവുകളുടെ പേരില്‍ കയറ്റുമതി സ്ഥാപനങ്ങള്‍ തിരസ്‌കരിച്ച വസ്ത്രങ്ങള്‍ക്കാണ് പ്രധാന വില്പന. ഉപഭോക്താവിന് തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയിലുള്ള പ്രശ്‌നങ്ങളായിരിക്കും ഇത്തരം വസ്ത്രങ്ങള്‍ക്കുള്ളത്. തിരുപ്പൂരിലെ ജനസംഖ്യയുടെ സിംഹഭാഗവും തുണി വ്യവസായവുമായി ബന്ധപ്പെട്ടാണ് ഉപജീവനം കണ്ടെത്തുന്നത്.
നൊയ്യാലിന്റെ തീരത്ത് നിന്നുള്ള കാര്‍ഷിക സംസ്‌കരമാണ് തുണി വ്യവസായം എന്ന തലത്തിലേക്ക് വളര്‍ന്നത്. കോയമ്പത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, ഈറോഡ് ജില്ലകളിലൂടെ 350 കിലോമീറ്റര്‍ സഞ്ചരിക്കുന്ന നൊയ്യാല്‍ നദി 6000 ഹെക്ടര്‍ ഭൂമിയെ കാര്‍ഷിക യോഗ്യമാക്കുന്നു. ഇവിടെ കരിമ്പും ചോളവും പരുത്തിയും വിളയിച്ചവരായിരുന്നു തിരുപ്പൂരിലെ വസ്ത്രനിര്‍മാതാക്കളുടെ മുന്‍തലമുറ. കോയമ്പത്തൂര്‍ ജില്ലയില്‍ പരുത്തിക്കൃഷി സജീവമായപ്പോള്‍ ആണ് കര്‍ഷകര്‍ നൂല്‍ നൂല്‍പിലേക്കും ബനിയന്‍ നിര്‍മ്മാണത്തിലേക്കും കടന്നത്. എന്ത് കൊണ്ടോ ഇവിടെ ഉണ്ടാകുന്ന ഉല്‍പ്പന്നങ്ങള്‍ പെട്ടന്ന് ആഭ്യന്തര വിപണി കീഴടക്കി. തുടക്കം ബനിയനില്‍ നിന്നും ആയത് കൊണ്ടും ഏറ്റവും കൂടുതല്‍ കയറ്റുമതി ബനിയന് ആണ് എന്നതിനാലുമാണ് തിരുപ്പൂരിനെ ബനിയന്‍ സിറ്റി എന്ന് വിശേഷിപ്പിക്കുന്നത്.
1937-ല്‍ ഗുലാംകാദര്‍ എന്നയാളാണ് ആദ്യമില്ല് സ്ഥാപിക്കുന്നത്. ബേബിനിറ്റിങ് ഇന്‍ഡസ്ട്രീസ് എന്ന പേരില്‍. തിരുപ്പൂരിന്റെ കയറ്റുമതിക്കാലം ആരംഭിക്കുന്നത് 1978-ലാണ്. ഇറ്റലിയിലേക്കായിരുന്നു ആദ്യം. പിന്നീട് വിപണി വളര്‍ന്നു.ആദ്യഘട്ടത്തില്‍ വെള്ള ബനിയനുകള്‍ക്കു ആയിരുന്നു വിപണി. പിന്നീട് നിറങ്ങളിലേക്ക് ചുവടു മാറി. മുംബൈ, ഡല്‍ഹി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിപണി ലക്ഷ്യമാക്കി പിന്നീട് വിപണി വളര്‍ന്നു.
1980 കളോടെ തിരുപ്പൂര്‍ ബനിയന്‍ സിറ്റിയുടെ വളര്‍ച്ചയുടെ ചരിത്രം പൂര്‍ണതയില്‍ തുടങ്ങി. പിന്നീടൊരിക്കലും പിന്തിരിയേണ്ടി വന്നിട്ടില്ല തിരിപ്പൂരിന്. ലോക ബനിയന്‍ വിപണി ഈ നഗരത്തിനു ചുറ്റും ഇപ്പോഴും തിരിയുന്നു.തിരുപ്പൂര്‍ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ പോലും തുടക്കക്കാരനായ ഖാദര്‍ സാഹിബിനെ വിസ്മരിച്ചില്ല. അദ്ദേഹത്തിന്റെ സ്മരണ ഇവിടെ ഇപ്പോഴും ഉണര്‍ന്നിരിക്കുന്നു. റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള ഖാദര്‍പേട്ട. അതിനുള്ള ഉദാഹരണമാണ്.

