കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി അലങ്കാര മത്സ്യകൃഷി വ്യാപകമാണ്.ഏകദേശം 600 അലങ്കാരമത്സ്യ ഇനങ്ങള്‍ ലോകമെങ്ങുമുള്ള ജലാശയങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്.ഇതില്‍ ഇന്ത്യന്‍ ജലാശയത്തില്‍ നൂറോളം തനത് മത്സ്യ ഇനങ്ങള്‍ ഉണ്ട്. പ്രാദേശിക വിദേശ വിപണികളില്‍ വന്‍ സാധ്യതയുള്ള അലങ്കാരമല്‍സ്യങ്ങളെ വളര്‍ത്തി മികച്ച വരുമാനം കൊയ്യുന്നവര്‍ ധാരാളമാണ്. സാധാരണയായി ഗോള്ഡഫിഷ്, ഗപ്പികള്‍, ഗൗരാമികള്‍ തുടങ്ങിയ അലങ്കാരമല്‍സ്യങ്ങളെ മാത്രമാണ് നമുക്ക് പരിചയം. എന്നാല്‍ അതിനുമപ്പുറം വളര്‍ന്നു പന്തലിച്ചിരുന്ന ഒന്നാണ് അലങ്കാരമല്‍സ്യവിപണി.
മത്സ്യത്തെയും കുഞ്ഞിനെയും കൈകാര്യം ചെയ്യുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച നടപടികളുമായി പരിചിതനാകാന്‍ ആദ്യം കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഏതെങ്കിലും മത്സ്യവും ഗോള്‍ഡ്ഫിഷ് പോലെയുള്ള മുട്ടയിടുന്ന ഇനവും തമ്മിലുള്ള സങ്കരണത്തില്‍ തുടങ്ങണം പരിശീലനം. വീടിനു സമീപം സ്ഥലം ഉണ്ടെന്നു കരുതി ആര്‍ക്കും തുടങ്ങാന്‍ കഴിയുന്ന ഒന്നല്ല അലങ്കാരമല്‍സ്യകൃഷി. അതിനു ആദ്യം ഈ മേഖലയോട് താല്‍പര്യമുണ്ടാകണം. മത്സ്യങ്ങളുടെ ജീവശാസ്ത്രം, ആഹാരരീതികള്‍, ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള നല്ല അറിവ് മത്സ്യോല്‍പാദനം ആരംഭിക്കുന്നതിനു മുമ്പ് നേടിയെടുക്കണം.
കേരളത്തില്‍ നിന്നും നിരവധി സംരംഭകര്‍ വിദേശത്തേക്ക് മത്സ്യക്കുഞ്ഞുങ്ങളെ കയറ്റിയയക്കുന്നുണ്ട്. കാലാവസ്ഥയെ പറ്റി നന്നായി പഠിച്ചശേഷം കാലാവസ്ഥക്ക് ഇണങ്ങിയ മല്‍സ്യങ്ങള്‍ മാത്രം വളര്‍ത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മല്‍സ്യങ്ങള്‍ക്ക് വരുന്ന രോഗങ്ങള്‍, പ്രതിരോധ നടപടികള്‍ എന്നിവയെപ്പറ്റിയും നല്ല അറിവുണ്ടായിരിക്കണം. അലങ്കാരമല്‍സ്യകൃഷിയിലേക്ക് ഇറങ്ങുന്നതിനു മുന്‍പായി പരിചയസമ്പന്നരായ വ്യക്തികളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരായുന്നത് ഗുണകരമാകും.

