സാമ്പത്തികമായ പ്രശ്‌നങ്ങള്‍ ചെറുതും വലുതുമായി ബാധിക്കാത്ത ആളുകളില്ല. ഈ കാലയളവിലെ വിദഗ്ദമായി നേരിടുക എന്നതാണ് പ്രധാനം.സാമ്പത്തിക അച്ചടക്കം പാലിക്കാനും അമിതമായ ചെലവുകള്‍ ഒഴിവാക്കാനും ഓരോ വ്യക്തിയും പ്രത്യേകം ശ്രദ്ധിക്കണം. ജോലി ഉണ്ടെന്നു കരുതി വരുമാനം എക്കാലവും സ്ഥായിയാകണം എന്നില്ല. ഏത് നിമിഷവും കടന്നു വരാവുന്ന ഒരു സാമ്പത്തിക പ്രതിസന്ധി മുന്നില്‍കണ്ട് വേണം പണം വിനിയോഗിക്കാന്‍.
അമിതമായ ചെലവ് കുറക്കുക
വരുമാനത്തില്‍ കുറവുണ്ടാകാനിടയുണ്ടെങ്കില്‍ അത് കണക്കു കൂട്ടി പ്രവര്‍ത്തിക്കുക. സാമ്പത്തിക പ്രതിസന്ധി എത്ര നാള്‍ തുടരുമെന്ന് പറയാറായിട്ടില്ല. ആര്‍ഭാടം നിറഞ്ഞ ഭക്ഷണ രീതിക്ക് അല്പം തടയിടാന്‍. എന്ന് കരുതി മുണ്ട് മുറുക്കിയുടുക്കേണ്ട ആവശ്യമില്ല. കരുതലാണ് അനിവാര്യം. അതിജീവനവും സാമ്പത്തിക, സാമൂഹ്യ ജീവിതവും ഗൗരവകരമായിത്തന്നെ നോക്കിക്കാണുക.
ലളിത ജീവിതം ശീലിക്കാം
അത്യാവശ്യമല്ലാത്ത ചെലവുകളും വാങ്ങലുകളും മാറ്റിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. സൂക്ഷ്മ-ചെറുകിട-ഇടത്തരം ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ വരാന്‍ പോകുന്ന റിസ്‌ക് മുന്‍കൂട്ടി കണ്ട് പദ്ധതി തയ്യാറാക്കണം.ബാങ്കില്‍ നിന്നെടുത്ത ബിസിനസ്,ഭവന വായ്പകളും മറ്റ് ബാധ്യതകളും എന്‍ പി എ ആയി മാറാതെ നോക്കേണ്ടതുണ്ട്.
കൂടുതല്‍ നിക്ഷേപം ഇപ്പോള്‍ വേണ്ട
സാമ്പത്തികമായി അപകടകരമായ അവസ്ഥയായതിനാല്‍ തന്നെ റിസ്‌ക് കൂടുതലുള്ള നിക്ഷേപങ്ങളോ ബിസിനസോ ഇപ്പോള്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. നീക്കിയിരുപ്പിനായി അധിക പണമില്ലെങ്കില്‍ അതിലെ നിക്ഷേപം തല്‍ക്കാലം മാറ്റിവെക്കാം.
വായ്പകള്‍ക്ക് പറ്റിയ കാലമല്ല
സാമ്പത്തികമായി തിരിച്ചടവ് സാധ്യമല്ലെങ്കില്‍ വായ്പകള്‍ക്ക് പറ്റിയ കാലമല്ല.ഈ സമയത്ത് ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യേണ്ട ഒന്നാണ് ക്രെഡിറ്റ് കാര്‍ഡും പേഴ്സണല്‍ വായ്പകളും. പലിശയില്ലാതെ രണ്ട് മാസത്തിനടുത്ത് തിരിച്ചടവ് സാവകാശം ലഭിക്കുമെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് 36 ശതമാനം വരെ പലിശയുണ്ടെന്ന കാര്യം മറക്കരുത്. അതിനാല്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പര്‍ച്ചേസുകള്‍ ഒഴിവാക്കുക. പണം അത്യാവശ്യമായി വരികയാണെങ്കില്‍ മാത്രം ചെലവ് കുറഞ്ഞ വായ്പയെ കുറിച്ച് ചിന്തിക്കുക.































