ഞായറാഴ്ച ചരിത്രം പിറക്കും. ആദ്യത്തെ ഇന്ത്യക്കാരനായ ബഹിരാകാശ വിനോദസഞ്ചാരി ഗോപീചന്ദ് തോട്ടക്കൂരയെയും വഹിച്ച് ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ പേടകം ബഹിരാകാശത്തേക്ക് പറന്നുയരും. രാകേഷ് ശര്‍മക്ക് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാകും ഗോപീചന്ദ്.
ബഹിരാകാശ ടൂറിസം ദൗത്യത്തിന്റെ ഭാഗമായി പൈലറ്റും ഏവിയേറ്ററുമായ ഗോപിചന്ദ് തോട്ടക്കൂര ബ്ലൂ ഒറിജിന്‍ എന്‍എസ്25 മിഷനില്‍ കര്‍മാന്‍ ലൈനിലേക്കും തിരിച്ചും പറക്കും. സമുദ്രനിരപ്പില്‍ നിന്ന് 100 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട ബഹിരാകാശ അതിര്‍ത്തിയാണ് കര്‍മാന്‍ ലൈന്‍.
ഇന്ത്യന്‍ സമയം വൈകുന്നേരം 7 മണിക്കാണ് ലോഞ്ച്. ബ്ലൂ ഒറിജിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത് കാണാന്‍ കഴിയും. യുഎസിലെ വെസ്റ്റ് ടെക്‌സാസിലെ ലോഞ്ച് സൈറ്റ് വണ്ണില്‍ നിന്ന് ലോഞ്ച് ചെയ്യുന്നതിന് 40 മിനിറ്റ് മുമ്പ് മുതല്‍ ഇവന്റ് സ്ട്രീം ചെയ്യും.
എംബ്രി-റിഡില്‍ എയറോനോട്ടിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഗോപിചന്ദ് തോട്ടക്കൂറ പൈലറ്റായ സംരംഭകനാണ്. ഹാര്‍ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ അറ്റ്‌ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ആഗോള വെല്‍നസ് സെന്ററായ പ്രിസര്‍വ് ലൈഫ് കോര്‍പ്പറേഷന്റെ സഹസ്ഥാപകനാണ് അദ്ദേഹം.
ഗോപി ഒരു അന്താരാഷ്ട്ര മെഡിക്കല്‍ ജെറ്റ് പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ വാണിജ്യ ജെറ്റുകള്‍, ബുഷ് വിമാനങ്ങള്‍, എയറോബാറ്റിക് വിമാനങ്ങള്‍, സീപ്ലെയിനുകള്‍, ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവ പറത്തിയിട്ടുണ്ട്. 2000-ലധികം മെഡിക്കല്‍ എയര്‍ ആംബുലന്‍സ് ദൗത്യങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. സാഹസിക പ്രിയനായ അദ്ദേഹം അടുത്തിടെ കിളിമഞ്ചാരോ പര്‍വതവും കയറിയിരുന്നു.
ബഹിരാകാശ ടൂറിസം ദൗത്യത്തിന്റെ ഭാഗമായി പൈലറ്റും ഏവിയേറ്ററുമായ ഗോപിചന്ദ് തോട്ടക്കൂര ബ്ലൂ ഒറിജിന്‍ എന്‍എസ്25 മിഷനില്‍ കര്‍മാന്‍ ലൈനിലേക്കും തിരിച്ചും പറക്കും
ഇന്ത്യയെ ഇത്തരമൊരു ദൗത്യത്തില്‍ പ്രതിനിധീകരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നെന്ന് ഗോപീചന്ദ് പറയുന്നു. ‘ബ്ലൂ ഒറിജിന്റെ എന്‍എസ്25 ദൗത്യവുമായി ഞാന്‍ കര്‍മാന്‍ ലൈന്‍ കടക്കുമ്പോള്‍ ഇന്ത്യയുടെ ആദ്യത്തെ സിവിലിയന്‍ ബഹിരാകാശയാത്രികനാകുന്നത് അവിശ്വസനീയമായ ബഹുമതിയാണ്. ഈ യാത്ര ഒരു വ്യക്തിഗത നാഴികക്കല്ല് മാത്രമല്ല, ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യത്തിന്റെ തെളിവാണ്,” അദ്ദേഹം പറഞ്ഞു.
ജെഫ് ബെസോസ് സ്ഥാപിച്ച ബ്ലൂ ഒറിജിന്റെ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ഏഴാമത്തെ പറക്കലാണ് ഞായറാഴേചത്തേത്. ഇതിനകം 31 പേരെ ബ്ലൂ ഒറിജിന്‍ കര്‍മാന്‍ ലൈനിലെത്തിച്ചിട്ടുണ്ട്. ഗോപീചന്ദിനൊപ്പം 5 പേര്‍ കൂടി ഇത്തവണ കര്‍മാന്‍ ലൈനിലേക്ക് യാത്ര ചെയ്യും.

