ലോകത്തെ ‘ഇതിഹാസ’ റെസ്റ്ററന്റുകളില്‍ കോഴിക്കോട് പാരഗണും. മലബാറിന്റെ രുചിപ്പെരുമയ്ക്ക് പേരുകേട്ട പാരഗണ്‍ റെസ്റ്ററന്റ് ലോകത്തെ ഏറ്റവും ഇതിഹാസ സമാനമായ 150 റെസ്റ്ററന്റുകളുടെ പട്ടികയില്‍ പതിനൊന്നാമതായാണ് ഇടം പിടിച്ചത്.
ടെയ്സ്റ്റ് അറ്റ്ലസ് എന്ന എക്സ്പീരിയന്‍ഷ്യല്‍ ട്രാവല്‍ പ്ലാറ്റ്ഫോമാണ് ടോപ് 150 റെസ്റ്ററന്റ്സ് ഇന്‍ ദ വേള്‍ഡ് എന്ന പേരില്‍ പട്ടിക പുറത്തുവിട്ടത്. കേവലം ഫുഡ്ജോയിന്റുകള് മാത്രമല്ല, സ്വതന്ത്രമായ ട്രാവല്‍ ഡെസ്റ്റിനേഷനുകളാണ് പട്ടികയില്‍ ഇടം നേടിയ റെസ്റ്ററന്റുകളെന്ന് ടെയ്സ്റ്റ് അറ്റ്ലസ് വ്യക്തമാക്കി.
പട്ടികയിലെ ആദ്യ പതിനഞ്ച് റെസ്റ്ററന്റുകളില്‍ തന്നെ ഇടം നേടാനായത് പാരഗണിന്റെ മാറ്റ് കൂട്ടി. പ്രമുഖ സംരംഭകനായ സുമേഷ് ഗോവിന്ദാണ് പാരഗണിന്റെ സാരഥി. വിയന്നയിലെ പ്രഖ്യാത റെസ്റ്ററന്റായ ഫിഗ്ള്മ്യൂളറാണ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യയിലെ ഏഴ് റെസ്റ്ററന്റുകള്‍ പട്ടികയില്‍ ഇടം നേടി.
പാരഗണ്‍ സ്പെഷലായ ബിരിയാണിയെ മോസ്റ്റ് ഐക്കണിക് ഡിഷ് എന്നാണ് ടെയ്സ്റ്റ് സ്പെഷല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 1939ല്‍ പ്രവര്‍ത്തനം തുടങ്ങിയ പാരഗണ്‍ മലയാളിയുടെ ഭക്ഷണ സംസ്കാരത്തിന്റെ തന്നെ ഭാഗമായ സംരംഭമാണ്. ലക്ക്നൗവിലെ കബാബിയാണ് പട്ടികയില്‍ പാരഗണിന് പിന്നാലെ പന്ത്രണ്ടാമത്.

