ബാറ്ററി ഇലക്ട്രിക് വാഹന വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ചില മോഡലുകളില്‍ ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) പദ്ധതി നടപ്പിലാക്കാന്‍ ടാറ്റ മോട്ടോര്‍സ് ഒരുങ്ങുന്നു. ടാറ്റയുടെ ടിയാഗോ, പഞ്ച്, ടിഗോര്‍, നെക്സോണ്‍ തുടങ്ങിയ മോഡലുകളുടെ ചില വേരിയന്റുകളിലാകും ഇത്ആദ്യഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കുക. ബാറ്ററി പണം കൊടുത്ത് വാങ്ങാതെ വാടക നല്‍കി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് ബാസ്.
വാഹനം ഉപയോഗിക്കുന്നതിന് അനുസരിച്ച് വാടക നല്‍കിയാല്‍ മതിയെന്നതാണ് പ്രത്യേകത. ഇ.വി വാങ്ങുന്നതിന് ആദ്യം മുടക്കേണ്ട തുകയില്‍ വലിയ മാറ്റമുണ്ടാക്കുന്ന പദ്ധതിയാണിത്. പോക്കറ്റിനിണങ്ങുന്ന ഇ.വികള്‍ക്ക് ഉപയോക്താക്കള്‍ക്കിടയിലുള്ള ഡിമാന്‍ഡാണ് ഇത്തരമൊരു നീക്കത്തിലേക്ക് ടാറ്റയെ നയിച്ചത്. ഇന്ത്യന്‍ വിപണിയില്‍ എം.ജി മോട്ടോര്‍ ആണ് ബാറ്ററി വാടകയ്ക്ക് നല്‍കുന്ന പദ്ധതി തുടങ്ങിയത്. ഇതനുസരിച്ച് 13.49-15.49 ലക്ഷം രൂപ വിലയുള്ള എം.ജി വിന്‍സര്‍ 9.99 ലക്ഷം രൂപയ്ക്ക് ലഭിക്കും. ഇതിന് പിന്നാലെ കമ്പനിയുടെ മറ്റ് മോഡലുകളായ കോമറ്റ് ഇ.വി, ഇസഡ്.എസ് ഇവി എന്നിവയിലേക്കും ബാസ് പദ്ധതി നടപ്പിലാക്കും.
ഇ.വി വിപണിയില്‍ വലിയ മാറ്റത്തിന് സാധ്യത ഇലക്ട്രിക് വാഹന വിപണിയില്‍ 75-80 ശതമാനം വിഹിതമാണ് ടാറ്റ മോട്ടോര്‍സിനുള്ളത്. വിവിധ ശ്രേണികളിലുള്ള മോഡലുകള്‍ ഇറക്കിയാണ് ടാറ്റ ഇത് നിലനിറുത്തുന്നത്. വില്‍പ്പന കൂട്ടാനായി ഡിസ്‌ക്കൗണ്ടുകളും ഫ്രീ ചാര്‍ജിംഗ് അടക്കമുള്ള ഓഫറുകളും നല്‍കുന്നുണ്ടെങ്കിലും പെട്രോള്‍/ഡീസല്‍ വാഹനങ്ങളുമായുള്ള വിലവ്യത്യാസം പല ഉപഭോക്താക്കളെയും ഇവി സ്വന്തമാക്കുന്നതില്‍ നിന്നും തടയുന്നുണ്ട്.

