മികച്ച ജീവിതസാഹചര്യങ്ങള്‍ക്കായി മൂന്ന് ആഫ്രിക്കന്‍ ആനകള്‍ വന്‍താരയിലെത്തും. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് മികച്ച ചികിത്സ നേടാനാകാതെ ബുദ്ധിമുട്ടുന്ന ആനകള്‍ക്കാണ് വന്‍താര അഭയമാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നായ വന്‍താരയിലേക്ക് എത്തുന്നത് രണ്ട് ആഫ്രിക്കന്‍ പിടിയാനകളും ഒരു കൊമ്പനാനയുമാണ്. അനന്ത് മുകേഷ് അംബാനി സ്ഥാപിച്ച വന്‍താര ജാംനഗറില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ട്യൂണീഷ്യയിലെ ഒരു മൃഗശാലയാണ് ആനകളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് വന്‍താരയെ സമീപിച്ചത്.
ആനകളുടെ സങ്കീര്‍ണമായ ഡയറ്റ്, ഷെല്‍ട്ടര്‍, ആരോഗ്യ സംബന്ധമായ ആവശ്യങ്ങള്‍ തുടങ്ങിയവ നിറവേറ്റാന്‍ സാമ്പത്തിക പരാധീനതകള്‍ മൂലം ട്യൂനിഷ്യന്‍ മൃഗശാലക്ക് സാധിച്ചിരുന്നില്ല. അതിനാലാണ് അവര്‍ വന്‍താരയെ സമീപിച്ചത്. ദേശീയ – അന്തര്‍ദേശീയ നിയമ വ്യവസ്ഥകള്‍ പാലിച്ചാണ് ആനകളെ എത്തിക്കുന്നത്.
പ്രത്യേകമായി ചാര്‍ട്ടര്‍ ചെയ്ത കാര്‍ഗോ വിമാനത്തിലാണ് ആനകളെ ഇന്ത്യയിലേക്ക് എത്തിക്കുക. രണ്ട് പതിറ്റാണ്ടു മുന്‍പ് നാല് വയസുള്ളപ്പോഴാണ് അച്താം, കനി, മിന എന്നീ ആനകള്‍ ട്യൂണീഷ്യയിലെ ഫ്രിഗ്യ പാര്‍ക് സൂവിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് എത്തിയത്.
ആനകള്‍ക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി വന്‍താരയിലെ വിദഗ്ധ വെറ്റിറിനറി സംഘം വിലയിരുത്തി. കൃത്യമായ ചികിത്സ ലഭ്യമാകാത്തതിനാല്‍ ആനകളുടെ ചര്‍മം വരണ്ടു പൊട്ടിയ നിലയിലാണ്. തൊലിപ്പുറത്ത് നിന്നും രോമങ്ങളും കൊഴിഞ്ഞു പോയിട്ടുണ്ട്.
അച്താമിന്റെ ഒരു കൊമ്പ് പിളര്‍ന്ന നിലയിലാണ്. കൂടാതെ, മോളാര്‍ ടൂത്ത് അണുബാധയും ഉണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശാസ്ത്രക്രിയ ആവശ്യമാണ്.
പരുക്കന്‍ നിലത്ത് ദീര്‍ഘനേരം നിന്നതിനെ തുടര്‍ന്ന് കനിയുടെ നഖങ്ങള്‍ പൊട്ടിയ അവസ്ഥയില്‍ ആണ്. വായുസഞ്ചാരമില്ലാത്ത കോണ്‍ക്രീറ്റ് കെട്ടിടത്തിലയിരുന്നു ആനകള്‍ താമസിച്ചിരുന്നത്. അവരുടെ ഭക്ഷണവും ശുദ്ധജലവും വരെ പരിമിതമായിരുന്നു.

