മലയാളികള്‍ പടിപടിയായി പാരമ്പര്യത്തനിമയിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് വൈറ്റ് കോളര്‍ ജോലിതേടിപ്പോയിരുന്നവര്‍ കൃഷിയിലേക്ക് മടങ്ങിയെത്തുന്നത്. ഇത്തരത്തില്‍ കാര്‍ഷികരംഗം ഉണര്‍ന്നപ്പോള്‍ തേനീച്ച വളര്‍ത്തലും നഷ്ടപ്രതാപം വീണ്ടെടുത്തു തുടങ്ങി. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ചെറു തേനീച്ച വളര്‍ത്തലിലാണ് ഇന്ന് കര്‍ഷകര്‍ ശ്രദ്ധിക്കുന്നത്. ഔഷധമൂല്യം കൂടുതലാണ് എന്നതിനാല്‍ തന്നെ കിലോക്ക് 3000 രൂപവരെയാണ് ചെറുതേനിന്റെ വില.
തേനിനും തേനീച്ച ഉത്പന്നങ്ങള്‍ക്കുംവേണ്ടി മലയാളികള്‍ തേനീച്ചകളെ വളര്‍ത്താന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഒന്‍പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉത്തര ആഫ്രിക്കയില്‍ മണ്‍കുടങ്ങളില്‍ തേനീച്ചവളര്‍ത്തല്‍ നടത്തിയിരുന്നു. അവിടെ നിന്നും കാലങ്ങളും ദേശങ്ങളാനും താണ്ടിയാണ് തേനീച്ചവളര്‍ത്തല്‍ കേരളത്തിന്റെ കാര്‍ഷിക ഭൂപടത്തില്‍ ഇടം നേടിയത്. എന്നാല്‍ ഗുണത്തിന്റെയും തേനെടുക്കുന്ന ഈച്ചകളുടെയും അടിസ്ഥാനത്തില്‍ വലിയ തേന്‍കൃഷി, ചെറുതേന്‍ കൃഷി തുടങ്ങിയ തരാം തിരിക്കല്‍ അടുത്തിടെ മാത്രമാണുണ്ടായത്.
ഔഷധമേന്മയേറെയുളള ചെറുതേന്‍ ആരോഗ്യം നിര്‍ത്താന്‍ കഴിവുള്ള പ്രകൃതിയുടെ അമൃതിന് തുല്യമായ വിശിഷ്ടഭോജ്യവും സ്വാദിഷ്ട പാനീയവുമാണ്. ക്യാന്‍സര്‍ ചികിത്സയില്‍ പോലും ഒരു ഔഷധമെന്നനിലയില്‍ ആധുനികശാസ്ത്രം ഏറെ മൂല്യം കല്‍പിക്കുന്ന ചെറുതേനിന് വളരെ നല്ല വിലയും വിപണിയുമാണുള്ളത്.അതിനാലാണ് ഇന്ന് കേരളത്തില്‍ ചെറുതേന്‍കൃഷിക്ക് പ്രാധാന്യം വര്‍ധിക്കുന്നതും. തടിയിലും മതിലിലും ഭിത്തിയിലുമൊക്കെ ചെറുതേനീച്ചയെ കാണാം. ഒരു കോളനിയില്‍ 6001000 വരെ വേലക്കാരി ഈച്ചകളും കുറേ മടിയനീച്ചകളും ഉണ്ടാകും.
ചെറുതേനീച്ചകളെ അടുത്തറിയാം
തേനീച്ച കോളനിയിലെ പ്രജനനശേഷിയുള്ള ഏക അംഗമാണ് റാണി ഈച്ച. റാണി ഈച്ചയെ ഉല്‍പാദിപ്പിക്കാനുള്ള മുട്ടകള്‍ പ്രത്യേകം നിര്‍മ്മിച്ച അറകളിലാണ് നിക്ഷേപിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ വിരിഞ്ഞിറങ്ങുന്ന പൂഴു ക്കളെ വേലക്കാരി ഈച്ചകള്‍ റോയല്‍ ജല്ലി എന്ന പ്രത്യേക തരം പദാര്‍ത്ഥം കൊടുത്തു കര്‍ഷകര്‍ വളര്‍ത്തുന്നു. അഞ്ചു ദിവസം കഴിയുമ്പോള്‍ പുഴുക്കള്‍ സമാധിയാകുന്നു.
സമാധി ദശ ഏഴു ദിവസത്തോളം നീണ്ടു നില്‍ക്കും. അങ്ങനെ ഒരു റാണി ഈച്ചയെ വളര്‍ത്തി എടുക്കാന്‍ 15-16 ദിവസം വേണം. ശ്രമകരമാണ് ഈ ദൗത്യം. തേനീച്ച കോളനിയിലെ ഉല്‍പാദന ശേഷിയുള്ള ആണ്‍ വര്‍ഗത്തിന്റെ ധര്‍മം റാണി ഈച്ചയുമായി ഇണ ചേരുക എന്നത് മാത്രമാണ്. ഒരു തേനീച്ച കോളനിയിലെ ഭൂരിഭാഗവും വേലക്കാരികളാണ്. പ്രത്യുല്പാദന ശേഷി ഇല്ലാത്ത പെണ്‍ തേനീച്ചകളാണിവ. തേന്‍ ശേഖരിക്കുക, മെഴുക് ഉണ്ടാക്കുക ഇതാണ് ഇവയുടെ പ്രധാന ധര്‍മം.
തേനീച്ച വളര്‍ത്തല്‍ എങ്ങനെ ?
തേനീച്ച വളര്‍ത്തല്‍ ആരംഭിക്കുന്നതിനു ഏറ്റവും അടിസ്ഥാനപരമായി വേണ്ടത് തേനീച്ച പെട്ടികളാണ്. അടിപ്പലക, അടിത്തട്ട് (പുഴു അറ), മേല്‍ത്തട്ട് (തേന്‍ അറ), ഉള്‍ മൂടി, മേല്‍ മൂടി, ചട്ടങ്ങള്‍ എന്നിവയാണ് ഒരു തേനീച്ച പ്പെട്ടിയുടെ ഭാഗങ്ങള്‍. തേനീച്ച കൃഷിയുമായി ബന്ധപ്പെട്ട ക്‌ളാസുകള്‍ നടത്തുമ്പോള്‍ കൃഷി വകുപ്പ് തന്നെ ഇത്തരം ഉപകരണങ്ങള്‍ വിതരണം ചെയ്യാറുണ്ട്. വിദഗ്ദനായ ഒരു കര്‍ഷകന് ഇത് സ്വയം നിര്‍മിക്കാനും സാധിക്കും. തേനീച്ചപ്പെട്ടി പോലെ തന്നെ പ്രധാനമാണ് സ്‌മോക്കര്‍. തേനീച്ചകളെ ശാന്തരാക്കാന്‍ പുകയ്ക്കാനുള്ള ഉപകരണം ആണ് സ്‌മോക്കര്‍. ഇതില്‍ ചകിരി വച്ച് തീ കൊളുത്തി പുകയുണ്ടാക്കാം.
തേനീച്ചപ്പെട്ടിയുടെ അടിപ്പലക, ചട്ടങ്ങള്‍, തുടങ്ങിയവയിലെ മെഴുകും മറ്റും നീക്കാനും ചട്ടങ്ങള്‍ ഇളക്കി എടുക്കാനുംമറ്റുമായി ഉപയോഗിക്കുന്ന ഹൈവ് ടൂള്‍, തേനീച്ചകളെ പരിചരിക്കുമ്പോള്‍ മുഖത്തും മറ്റും കുത്തേല്‍ക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ഹാറ്റ് & വെയില്‍.റാണി ഈച്ചയെ പിടിക്കാനും അതിനെ ഒരു സ്ഥലത്ത് നിന്ന് വേറൊരു സ്ഥലത്തേക്ക് കൊണ്ടു പോകാനും ഉപയോഗിക്കുന്ന റാണിക്കൂട്, തേനെടുക്കുന്നതിന് മുമ്പ് തേനറകളിലെ മെഴുക് മൂടി കനം കുറച്ച് ചെത്തി നീക്കാനുപയോഗിക്കുന്ന കത്തിയായ തേനടക്കത്തി,അടകള്‍ക്ക് യാതൊരു കേടും സംഭവിക്കാതെ തേനെടുക്കാനുള്ള യന്ത്രം എന്നിവയാണ് തേനീച്ചക്കൃഷിക്ക് അനിവാര്യമായ ഉപകരണങ്ങള്‍.
കൃഷി രീതി
50100 കൂടുകള്‍ ഒരു സ്ഥലത്ത് വച്ചാണ് കൃഷി ചെയ്യുക. പെട്ടികള്‍ തമ്മില്‍ 23 മീറ്റര്‍ അകലം, വരികള്‍ തമ്മില്‍ 36 മീറ്റര്‍ അകലം. മാത്രമല്ല, തേനീച്ചപ്പെട്ടി വയ്ക്കുന്ന സ്റ്റാന്റിന്റെ രണ്ടുവശങ്ങളും ഒരേ നിരപ്പിലായിരിക്കണം.പെട്ടികള്‍ കഴിയുന്നതും കിഴക്ക് ദര്‍ശനമായി വെക്കുക. പെട്ടികള്‍ വയ്ക്കുന്ന സ്ഥലത്തിനും പ്രത്യേകതയുണ്ട്. ധാരാളം തേനും പൂമ്പൊടിയും കിട്ടുന്ന സ്ഥലമാവണം.ഒരിക്കലും വെള്ളക്കെട്ടുള്ള സ്ഥലത്ത് പെട്ടിവയ്ക്കരുത്.ശക്തമായി കാറ്റുവീശുന്ന സ്ഥലങ്ങള്‍ ഒഴിവാക്കണം.തണലുള്ള സ്ഥലം ഉപയോഗിക്കണം. (ഉച്ചവെയിലിന്റെ കാഠിന്യം ഒഴിവാക്കാണം). അതുപോലെതന്നെ, കന്നുകാലികള്‍ മേയാന്‍ വരുന്ന സ്ഥലങ്ങളും കൃഷിക്ക് ചേരില്ല.
വില്‍പന
മൂന്നുമാസം കൂടുമ്പോഴാണ് ചെറുതേന്‍ വിളവെടുക്കുന്നത്. ലിറ്ററിന് 3000 രൂപ വരെ വില വരും. ഔഷധമൂല്യമുള്ളതിനാല്‍ മരുന്നിന്റെ ആവശ്യങ്ങള്‍ക്കാണ് കൂടുതലും വിട്ടുപോകുന്നത്. വിദേശത്ത് നിന്നുപോലും ആവശ്യക്കാര്‍ ധാരാളമായി എത്തുന്നുണ്ട്.

