നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം കൂടി ബാക്കി നില്‍ക്കെ ചെലവിന് പര്യാപ്തമായ പണമില്ലെന്ന് പറഞ്ഞുകൊണ്ട് ദൈനംദിന ചെലവുകള്‍ക്കായി 17,000 കോടി രൂപ കൂടി വായ്പയെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിന് ശേഷമുള്ള മൂന്ന് മാസത്തേക്ക് 13,608 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ എന്തായിരിക്കും തീരുമാനമെന്ന് വ്യക്തമല്ല.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ 37,512 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. ഇതില്‍ ഡിസംബര്‍ വരെ 23,000 കോടി രൂപ കടമെടുക്കാനായിരുന്നു അനുമതി. എന്നാല്‍ പലതവണയായി 32,002 കോടി രൂപ ഡിസംബറിനുള്ളില്‍ തന്നെ കേരളം എടുത്തുതീര്‍ത്തു. ഇതിനിടയില്‍ ഓണക്കാലത്ത് 4,200 കോടി രൂപയും പബ്ലിക് അക്കൗണ്ടിലെ പണം കുറവായതിനാല്‍ 2,755 കോടി രൂപയും കേന്ദ്രം അധികമായി അനുവദിച്ചിരുന്നു.
എന്നാല്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇനിയും മൂന്ന് മാസം ബാക്കിയിരിക്കെ കേരളത്തിന് കൂടുതല്‍ പണം ആവശ്യമായി വന്നിരിക്കുകയാണ്. നിലവില്‍ 12,000 കോടി രൂപ മാത്രമാണ് കേരളത്തിന്റെ ശരാശരി വരുമാനം. കടമെടുപ്പിലൂടെയും ചെലവ് വെട്ടിച്ചുരുക്കിയുമാണ് ബാക്കിയുള്ള തുക കണ്ടെത്തുന്നത്.വിവിധ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിനും വെട്ടിക്കുറച്ച പദ്ധതി വിഹിതം പുനസ്ഥാപിക്കുന്നതിനും കേരളത്തിന് വായ്പയെടുക്കേണ്ടത് അത്യാവശ്യമാണ്.

