കേരളത്തില്‍ സ്വര്‍ണവില വീണ്ടും മുന്നേറ്റത്തിന്റെ പാതയില്‍. ഇന്നു ഗ്രാമിന് 55 രൂപ ഉയര്‍ന്ന് വില 9,075 രൂപയായി. 440 രൂപ വര്‍ധിച്ച് പവന്‍വില 72,600 രൂപയിലുമെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലക്കയറ്റം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും തീരുവ യുദ്ധം ഉഷാറാക്കിയതാണ് സ്വര്‍ണത്തിനു നേട്ടമാകുന്നത്. ഇതിനകം ജപ്പാന്, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ഫിലിപ്പീന്‍സ്, ബംഗ്ലദേശ്, ഇറാക്ക്, കംബോഡിയ, ശ്രീലങ്ക എന്നിവ ഉള്‍പ്പെടെ 22ഓളം രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് പുതുക്കിയ തീരുവ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍ വരും. ഇന്നലെ കാനഡയ്ക്കുമേല്‍ 35% തീരുവയും പ്രഖ്യാപിച്ച ട്രംപ് ബ്രസീലിനുമേല്‍ 50% തീരുവ ചുമത്തുമെന്ന ഭീഷണിയും മുഴക്കി.
ഓഹരി വിപണി ഇടിഞ്ഞതോടെ സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ക്ക് സ്വീകാര്യതയേറി. യുഎസ് ഡോളര്‍ ഇന്‍ഡക്സ് മെച്ചപ്പെട്ടതോടെ സ്വര്‍ണം വാങ്ങുന്നത് ചെലവേറിയതുമായി. ഇതോടെ വില കൂടുകയായിരുന്നു.































