ലുക്കിലും സ്‌റ്റൈലിലും വമ്പനായ ഫോഴ്സ് ഗൂര്‍ഖ 5 ഡോര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുതുക്കിയ 3 ഡോര്‍ ഗൂര്‍ഖക്ക് 16.75 ലക്ഷം രൂപയും പുതിയ 5 ഡോര്‍ ഗൂര്‍ഖക്ക് 18 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
ആവശ്യക്കാര്‍ക്ക് മുന്‍കൂട്ടി 25,000 രൂപ നല്‍കി ഗൂര്‍ഖ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏപ്രില്‍ 29 മുതല്‍ ഫോഴ്സ് ആരംഭിച്ചിട്ടുണ്ട്. ഈ ആഴ്ച മുതല്‍ ഡീലര്‍മാര്‍ക്ക് ലഭിക്കും. ഇന്ത്യന്‍ വിപണിയില്‍ ഗൂര്‍ഖയുടെ പ്രധാന എതിരാളി മഹീന്ദ്ര ഥാറാണ്.
പെട്രോള്‍ എന്‍ജിന്‍ ഓപ്ഷന്‍, 2 വീല്‍ ഡ്രൈവ്, ഓട്ടമാറ്റിക് ഗിയര്‍ബോക്സ് എന്നിങ്ങനെയുള്ള വൈവിധ്യങ്ങളാലാണ് മഹീന്ദ്ര ഥാര്‍ മുന്നിലെത്തുന്നത്. ഗൂര്‍ഖ ഡീസല്‍ മാനുവല്‍ മോഡലായി മാത്രമാണ് എത്തുന്നത്. സ്റ്റാന്‍ഡേഡായി 4 വീല്‍ ഡ്രൈവും ഉള്‍പ്പെടുത്തിയിരിക്കുന്നു.
അധികം വൈകാതെ 5 ഡോര്‍ ഗൂര്‍ഖക്ക് എതിരാളിയായി മഹീന്ദ്ര എത്തുകയും ചെയ്യും. വരുന്ന സ്വാതന്ത്ര്യദിനത്തിലാണ് 5 ഡോര്‍ മഹീന്ദ്ര ഥാര്‍ അര്‍മാദ എത്തുക.
ഫോഴ്സ് ഗൂര്‍ഖ ഫീച്ചറുകളാല്‍ സമ്പന്നമാണ്. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും പിന്തുണക്കുന്ന 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവേഡ് ഒആര്‍വിഎം, ടില്‍റ്റ് ആന്റ് ടെലസ്‌കോപിക് സ്റ്റിയറിങ്, പിന്‍ ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ വാഹനത്തിനുണ്ട്.

