തങ്ങളുടെ മാതൃ കമ്പനിയായ സുസുക്കിയുമായി സഹകരിച്ച് പറക്കും കാറുകള്‍ പുറത്തിറക്കാന്‍ ജനകീയ ഓട്ടോ ബ്രാന്‍ഡായ മാരുതി. ഇലക്ട്രിക് എയര്‍ കോപ്റ്ററുകളുടെ വികസനത്തിലേക്കാണ് മാരുതി കടക്കുന്നത്. ഈ എയര്‍ കോപ്റ്ററുകള്‍ ഡ്രോണുകളേക്കാള്‍ വലുതായിരിക്കു എന്നാല്‍ പരമ്പരാഗത ഹെലികോപ്റ്ററുകളേക്കാള്‍ ചെറുതുമായിരിക്കും. പൈലറ്റ് ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് വ്യക്തികളെ വഹിക്കാന്‍ മാരുതിയുടെ പറക്കും കാറുകള്‍ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിന് മുമ്പ് ജപ്പാനിലും യുഎസിലും പുതിയ പരീക്ഷണം അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ എയര്‍ ടാക്‌സികള്‍ക്ക് ഗതാഗതത്തെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റിമറിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യയില്‍ തന്നെ ഭാവിയില്‍ ഇത് നിര്‍മിച്ച് വില്‍ക്കാനാണ് മാരുതിയുടെ പദ്ധതി. അതിലൂടെ ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്. സ്‌കൈഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന ഈ പറക്കും കാറുകള്‍ 2025ല്‍ ജപ്പാനില്‍ നടക്കുന്ന ഒസാക്ക എക്സ്പോയിലാകും ആദ്യമായി അവതരിപ്പിക്കുക. ഹെലികോപ്റ്ററിന്റെ പകുതി ഭാരം മാത്രമുണ്ടാകുന്ന പറക്കുംകാറുകള്‍ക്ക് മെയിന്റനന്‍സ് ചെലവ് വളരെ കുറവായിരിക്കും.

