ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണിന്റെ പ്രധാന ഇലക്ട്രിക് ഘടകങ്ങളും ബാറ്ററിയും ഇവികളില്‍ ഉപയോഗിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്. ഇത് സംബന്ധിച്ച കരാറില്‍ ഇരു വാഹന നിര്‍മാതാക്കളും ഒപ്പിട്ടു.
ഇന്‍ഗ്ലോ എന്ന സ്വന്തം ഇലക്ട്രിക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര ഫോക്സ്വാഗണിന്റെ ഘടകങ്ങളും ബാറ്ററി സെല്ലും ഉപയോഗിക്കും. ഫോക്‌സ്വാഗണിന്റെ യൂണിഫൈഡ് സെല്‍ ഉപയോഗിക്കുന്ന ആദ്യത്തെ ബാഹ്യ പങ്കാളിയായിരിക്കും ഇന്ത്യന്‍ കമ്പനി. ഫോക്‌സ്വാഗണ്‍ അതിന്റെ 80% ബാറ്ററി സെല്ലുകള്‍ക്കും ഉപയോഗിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന പുതിയ സെല്‍ സാങ്കേതികവിദ്യ, ചെലവ് പകുതിയായി കുറയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
സഹകരണത്തിനുള്ള കൂടുതല്‍ അവസരങ്ങള്‍ ഇരു കമ്പനികളും വിലയിരുത്തുന്നുണ്ടെന്ന് ഫോക്‌സ്വാഗണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഫോക്‌സ്വാഗണ്‍ ഇവികള്‍ക്കായി എംഇബി എന്ന പേരില്‍ ഒരു മോഡുലാര്‍, ഓപ്പണ്‍ വെഹിക്കിള്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്‌കോഡയും ഓഡിയും ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്.

