ഇന്ത്യക്ക് ടെസ്‌ലയെ വേണം, ടെസ്‌ലക്ക് ഇന്ത്യയെയും. പക്ഷേ ഇതുവരെ ഇരുകൂട്ടര്‍ക്കും ഒരു യോജിപ്പിലെത്താന്‍ കഴിഞ്ഞിട്ടില്ല. കാരണം പലതാണ്. മേക്ക് ഇന്ത്യ പ്രൊജക്റ്റ് പരമാവധി പ്രോല്‍സാഹിപ്പിക്കുന്ന ഇന്ത്യ, ടെസ്‌ലയുടെ നിക്ഷേപം വരുന്നതിനെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ഇന്ത്യ പോലെയൊരു വമ്പന്‍ വിപണി, അതും അതിശക്തമായി വളരുന്ന ഒരു വിപണി ടെസ്‌ലയെ എന്നും മോഹിപ്പിച്ചിട്ടുണ്ട്.
ടെസ്‌ല എത്തേണ്ട കാലം എന്നേ കഴിഞ്ഞു. ഇന്ത്യ പല ഓഫറുകളും ഇലോണ്‍ മസ്‌കിന് മുന്നില്‍ വെച്ചതാണ്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നേരിട്ടാണ് താലപ്പൊലിയൊരുക്കി മസ്‌കിനെ ക്ഷണിച്ചത്. പക്ഷേ കാറുകള്‍ ഇറക്കുമതി ചെയ്ത് ആദ്യം ഇന്ത്യന്‍ വിപണിയുടെ ബലം ഒന്ന് പരിശോധിക്കാനാണ് മസ്‌ക് ആദ്യം താല്‍പ്പര്യപ്പെട്ടത്. ഇതിനായി 100 ശതമാനത്തിനുമപ്പുറത്തേക്ക് ഉയര്‍ത്തി വെച്ചിരിക്കുന്ന ഓട്ടോമൊബൈല്‍ ഇറക്കുമതി തീരുവ താഴ്ത്തണമെന്ന് മസ്‌ക് കഴിഞ്ഞവര്‍ഷം ആവശ്യപ്പെട്ടു.
അതേതായാലും നടക്കില്ല വേണമെങ്കില്‍ ഇവിടെ ഉല്‍പ്പാദിപ്പിച്ച് വിറ്റോളൂ എന്നായി ഇന്ത്യ. ചൈനയില്‍ കാര്‍ ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുന്ന മസ്‌കിന് ഇന്ത്യയില്‍ ഉല്‍പ്പാദനം നടത്താനെന്താണിത്ര വൈക്ലബ്യമെന്ന് കേന്ദ്ര സര്‍ക്കാരും കരുതി. ഫലത്തില്‍ രണ്ടു മൂന്നു വര്‍ഷമായി നടന്നിരുന്ന ചര്‍ച്ചകള്‍ വഴിമുട്ടി.
ഏതായാലും ഈ കാത്തിരിപ്പിന് വിരാമമുണ്ടാകാന്‍ പോകുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്‌ല പ്രതിനിധികള്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെ കണ്ട് ചര്‍ച്ച നടത്തി. ഇലക്ട്രിക് വാഹന നിര്‍മാണത്തിന് ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങാന്‍ തയാറാണെന്ന ഓഫറുമായായിരുന്നു സന്ദര്‍ശനം. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലേക്ക് ആവശ്യമായ വാഹനങ്ങള്‍ ഇവിടെ നിര്‍മിക്കാമെന്നാണ് യുഎസ് കമ്പനി പറയുന്നത്. വളരെ സ്വകാര്യമായ ചര്‍ച്ചകളാണത്രെ നടന്നത്.
യുഎസ്-ചൈന നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം സ്ഥിതിയിലേക്ക് വീണത് ടെസ്‌ലക്കും തിരിച്ചടിയായിട്ടുണ്ട്. 2019 ലാണ് ചൈനയിലെ ഷാംഗ്ഹായിയില്‍ മസ്‌ക് പ്ലാന്റ് തുടങ്ങിയത്. ഇവിടത്തെ പ്രതിവാര ഉല്‍പ്പാദനം 22,000 ഇവികളാണ്
ഇനിയും കാത്തിരുന്നാല്‍ ലോകത്തെ ഏറ്റവും വലിയ മാര്‍ക്കറ്റിലേക്ക് പ്രവേശനം സിദ്ധിക്കില്ലെന്ന തിരിച്ചറിവാണ് മസ്‌കിന്റെ കമ്പനിയുടെ ഈ മനംമാറ്റത്തിന് കാരണമെന്നാണ് അനുമനിക്കപ്പെടുന്നത്. ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്നതില്‍ നിന്ന് ടെസ്‌ല പിന്‍മാറിയത് താല്‍ക്കാലികമായെങ്കിലും ഇന്ത്യന്‍ ഇവി മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഏതായാലും പുതിയ വാര്‍ത്തകള്‍ ഇരട്ടി മധുരം നല്‍കുന്നവയാണ്.

The Profit is a multi-media business news outlet.
