സമ്പാദ്യം, നിക്ഷേപം, പണമിടപാടുകള്‍ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട ധനകാര്യങ്ങളില്‍ ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട്, ട്രേഡിംഗ് അക്കൗണ്ട് എന്നിങ്ങനെ പല അക്കൗണ്ടുകളും ഉപയോഗിക്കാറുണ്ട്. ഇത് ട്രേഡിംഗ് അക്കൗണ്ട് ട്രേഡിംഗിനായിട്ടാണ് എന്ന് അറിയാമെങ്കിലും ഡീമാറ്റ് അകൗണ്ടിനെ സംബന്ധിച്ച് സംശയങ്ങള്‍ നിരവധിയാണ്. ഡീമാറ്റ് അക്കൗണ്ട് വിവിധ സെക്യൂരിറ്റികള്‍ സൂക്ഷിക്കാനുള്ള ഡിജിറ്റല്‍ വാലറ്റാണ്. ഇതില്‍ ഓഹരികള്‍ ഇലക്ട്രോണിക് രൂപത്തിലാണ് സംഭരിക്കുന്നത്. ഡീമെറ്റീരിയലൈസേഷന്‍ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഇലക്ട്രോണിക് രൂപത്തിലാണ് ഇവിടെ ആസ്തികള്‍ സൂക്ഷിക്കുന്നത്.
ഓഹരികള്‍, ബോണ്ട്, മ്യൂച്വല്‍ ഫണ്ട്, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ എന്നിവയെ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കുകയാണ് ഡീമാറ്റ് അക്കൗണ്ടുകളുടെ ലക്ഷ്യം. നിക്ഷേപകര്‍ക്ക് ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും ഇടപാടുകള്‍ നടത്താനും ഇത് എളുപ്പവും സൗകര്യപ്രദവുമാണ്. ഓഹരികള്‍, ബോണ്ടുകള്‍, ഡിബഞ്ചറുകള്‍, മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍, ഗവണ്മെന്റ് സെക്യൂരിറ്റികള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കൂടുതലായി കൈകാര്യം ചെയ്യപ്പെടുന്നു.
സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയാണ് ഡീമാറ്റ് അക്കൗണ്ടുകളുടെ റെഗുലേറ്റര്‍. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്എസ്ഡിഎല്), സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ് (സിഡിഎസ്എല്‍) എന്നിവ ഡീമാറ്റ് അക്കൗണ്ടുകളുടെ പ്രവര്‍ത്തനത്തിന്റെ മേല്‍ നോട്ടം വഹിക്കും. നിക്ഷേപകര്‍ക്ക് അവരുടെ ഡീമാറ്റ് അക്കൗണ്ടുകള്‍ വഴി സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ സെക്യൂരിറ്റികള്‍ ട്രേഡ് ചെയ്യാന്‍ കഴിയും.
എന്നാല്‍ ബാങ്ക് അകൗണ്ടുകളില്‍ നിന്നും വിഭിന്നമായി ഡീമാറ്റ് അക്കൗണ്ടിലെ കൈവശമുള്ള സെക്യൂരിറ്റി പലിശയോ വരുമാനമോ സൃഷ്ടിക്കുന്നില്ല.

