പ്രാരംഭ ഓഹരി വില്‍പ്പന(ഐപിഒ)യിലൂടെ 463 കോടി രൂപ സമാഹരിക്കാന്‍ ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക്. നവംബര്‍ 3നായിരിക്കും തൃശൂര്‍ ആസ്ഥാനമാക്കിയ ഇസാഫ് ബാങ്കിന്റെ ഐപിഒ. നവംബര്‍ 7ന് ക്ലോസ് ചെയ്യും. 390.7 കോടി രൂപയുടെ പുതിയ ഓഹരികളും 72.3 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്ല്‍ ഓഹരികളുമാണ് വില്‍ക്കുന്നത്.
മൂന്ന് ഓഹരി ഉടമകളുടേതാണ് ഒഎഫ്എസ് ഓഹരികള്‍. കമ്പനിയുടെ പ്രൊമോട്ടറായ ഇസാഫ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് 49.26 കോടി രൂപയുടെയും പിഎന്‍ബി മെറ്റ്ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയും 23.04 കോടി രൂപയുടെ ഓഹരികളുമാണ് വില്‍ക്കുന്നത്.
ഒക്റ്റോബര്‍ 17നാണ് ഐപിഒയുമായി മുന്നോട്ട് പോകാനുള്ള അനുമതി സെബിയില്‍ നിന്നും ഇസാഫിന് ലഭിക്കുന്നത്. 700 ബാങ്കിംഗ് ഔട്ട്ലെറ്റുകളും 767 കസ്റ്റമര്‍ സര്‍വീസ് സെന്ററുകളും 22 ബിസിനസ് കറസ്പോണ്ടന്റുകളും 2116 ബാങ്കിംഗ് ഏജന്റുമാരും 559 എടിഎമ്മുകളും ഇസാഫിനുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായത്തില്‍ 452.4 ശതമാനം വര്‍ധനയാണ് ഇസാഫ് രേഖപ്പെടുത്തിയത്. 302.3 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.

