തുടര്‍ച്ചയായ രണ്ടാം പാദത്തിലും വളര്‍ച്ചയുടെ പാതയില്‍ മുന്നേറി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. കമ്പനിയുടെ ലാഭം 36 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം പാദത്തില്‍ 251 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി. 2010 ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ തുടര്‍ച്ചയായി നഷ്ടമുണ്ടാക്കിക്കൊണ്ടിരുന്ന സൊമാറ്റോ കഴിഞ്ഞ പാദത്തിലാണ് സര്‍പ്രൈസ് ലാഭത്തിലേക്കെത്തിയത്.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 71 ശതമാനം വര്‍ധിച്ച് 2,848 കോടി രൂപയിലെത്തി.
ഫുഡ് ഡെലിവറി ഭീമന്റെ രണ്ടാം പാദത്തിലെ ശക്തമായ വളര്‍ച്ചയ്ക്ക് കാരണം ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍ ഡിമാന്‍ഡിലെ കുതിച്ചുചാട്ടമാണ്. ചെറിയ പട്ടണങ്ങളിലാണ് കമ്പനിയുടെ ബിസിനസ് പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടത്.
ഡൈനിംഗ്-ഔട്ട് ബിസിനസ്സ് തന്ത്രപരമായി വിപുലീകരിച്ചു വരികയാണ് സൊമാറ്റോ. ഓണ്‍ലൈനായി ടേബിള്‍ റിസര്‍വേഷനുകളും തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളില്‍ പ്രത്യേക കിഴിവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഗ്രോസറി വിതരണം സജീവമാക്കാന്‍ കൂടുതല്‍ ബ്ലിങ്കിറ്റ് സ്റ്റോറുകള്‍ തുറന്നു വരികയാണ്. ഇവന്റുകളിലേക്കും ടിക്കറ്റ് വില്‍പ്പനയിലേക്കും കടന്നിട്ടുണ്ട്.
ഉത്സവ സീസണില്‍ ഓര്‍ഡര്‍ മൂല്യങ്ങളിലും വരുമാനത്തിലും ശ്രദ്ധേയമായ വര്‍ധനയുണ്ടാകുമെന്ന് വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. ക്രിക്കറ്റ് ലോകകപ്പും ഉപഭോക്തൃ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍.
രണ്ടാം പാദ ഫലങ്ങള്‍ പുറത്തുവന്നതിന് ശേഷം, സൊമാറ്റോയുടെ ഓഹരികള്‍ ശക്തമായി മുന്നേറി. ഓഹരി വില ഏകദേശം 10 ശതമാനം ഉയര്‍ന്ന് 118 രൂപയിലെത്തി. ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഉയര്‍ന്ന വിലയാണിത്.

