ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ലിമിറ്റഡ് മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 175 കോടി രൂപയുടെ അറ്റാദായം നേടി. ഗുരുഗ്രാം ആസ്ഥാനമായുള്ള സ്ഥാപനം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 189 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.
2024 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, സൊമാറ്റോയുടെ പ്രവര്‍ത്തന വരുമാനം 3,562 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,056 കോടി രൂപ മാത്രമായിരുന്നു പ്രവര്‍ത്തന വരുമാനം.
2022 ല്‍ ഏറ്റെടുത്ത ക്വിക്ക് കൊമേഴ്സ് ബിസിനസായ ബ്ലിങ്കിറ്റ് മികച്ച നേട്ടമാണ് കമ്പനിക്ക് ഉണ്ടാക്കിയിരിക്കുന്നത്. നാലാം പാദത്തില്‍ സൊമാറ്റോയുടെ മൊത്ത ഓര്‍ഡര്‍ മൂല്യം 28 ശതമാനം വളര്‍ച്ചയും ബ്ലിങ്കിറ്റിന്റെ മൊത്ത ഓര്‍ഡര്‍ മൂല്യം 97 ശതമാനവും ഉയര്‍ന്നു.
എല്ലാ ഗ്രോസറി, ഫുഡ് ഓര്‍ഡറുകള്‍ക്കും കമ്പനി പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കാന്‍ തുടങ്ങിയതിനാല്‍ അതിന്റെ കോണ്‍ട്രിബ്യൂഷന്‍ മാര്‍ജിന്‍ ഒരു വര്‍ഷം മുമ്പത്തെ 5.8 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി വര്‍ദ്ധിച്ചു.
ദ്രുത വാണിജ്യ ബിസിനസായ ബ്ലിങ്കിറ്റില്‍ അതിവേഗത്തിലുള്ള സ്റ്റോര്‍ വിപുലീകരണമാണ് നടക്കുന്നത്. 2025 മാര്‍ച്ചോടെ 1000 സ്റ്റോറുകളാണ് കമ്പനി ലക്ഷ്യമിടുന്നത്.

