77ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിലാണ് നമ്മുടെ രാഷ്ട്രം. 1947 ല്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ലോകത്തെ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങളിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. ലോകത്തെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരുന്നെങ്കിലും പ്രതിശീര്‍ഷ വരുമാനം ലോക ശരാശരിയുടെ 18% മാത്രം! ഇന്ന് 3.2 ട്രില്യണ്‍ ഡോളറുമായി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് നാം. ഈ സാമ്പത്തിക കുതിപ്പില്‍ പങ്കാളികളായ സംരംഭങ്ങളെയും സംരംഭകരെയും നാം കൃതാര്‍ത്ഥതയോടെ സ്മരിക്കുന്നു. സ്വതന്ത്ര്യ പൂര്‍വ കാലത്ത് ആരംഭിച്ച് ഇന്നും ജനവിശ്വാസമാര്‍ജിച്ച് മുന്നോട്ടു പോകുന്ന ഏതാനും ബ്രാന്‍ഡുകളെ ഓര്‍മിച്ചെടുക്കാം…
മത്സരാധിഷ്ഠിതമായ സൗന്ദര്യവര്‍ദ്ധക ബിസിനസ് ലോകത്ത് 94ാം വര്‍ഷവും കരുത്തോടെ മുന്നോട്ടു പോകുന്ന ബ്രാന്‍ഡാണ് ബോറോലിന്‍. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യയില്‍ ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളെ പ്രതിരോധിക്കാന്‍ സ്വദേശി വ്യവസായിയായ ഗൗര്‍ മോഹന്‍ ദത്ത പുറത്തിറക്കിയ ഉല്‍പ്പന്നമാണിത്. വിദേശ വസ്തുക്കളുടെ ഇറക്കുമതിക്കാരനായ ഗൗര്‍ മോഹന്‍ ദത്ത സ്വദേശി പ്രസ്ഥാനത്തില്‍ ചേരുകയും സ്വതന്ത്രവും സ്വയം പര്യാപ്തവുമായ ഇന്ത്യ ലക്ഷ്യമിട്ട് വിദേശികളുമായി മത്സരിച്ച് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും തുടങ്ങി… കൊല്‍ക്കത്ത ആസ്ഥാനമായുള്ള ജിഡി ഫാര്‍മസ്യൂട്ടിക്കല്‍സാണ് ബോറോലിന്‍ നിര്‍മ്മിക്കുന്നത്. ഇപ്രകാരം ദേശീയവാദ തരംഗത്തിന്റെ ഉല്‍പ്പന്നമായാണ് ബോറോലിന്‍ വിപണിയിലെത്തിയത്.
സ്വാതന്ത്ര്യത്തിന് മുമ്പ് നിലവില്‍ വന്ന മറ്റൊരു ബ്രാന്‍ഡാണ് റൂഹ് അഫ്സ. ഉത്തരേന്ത്യയിലെ കടുത്ത ചൂടിനെ ചെറുക്കാനുള്ള ഒരു പച്ചമരുന്നായി വിപണിയിലെത്തി പിന്നീട് ദാഹമകറ്റാനുള്ള ജനപ്രിയ പാനീയമായി മാറിയ റൂഹ് അഫ്സ 1907-ല്‍ ഹക്കിം ഹാഫിസ് അബ്ദുള്‍ മജീദാണ് ഓള്‍ഡ് ഡല്‍ഹിയില്‍ നിന്നാണ് ഉല്‍പ്പാദനമാരംഭിച്ചത്. മജീദും അദ്ദേഹത്തിന്റെ മക്കളും ചേര്‍ന്ന് ആരംഭിച്ച ഹംദര്‍ദ് ലബോറട്ടറീസ് ഇന്ത്യയാണ് റൂഹ് അഫ്സ നിര്‍മ്മിക്കുന്നത്. പാകിസ്ഥാനിലും ബംഗ്ലാദേശിലുമുള്ള ഹംദര്‍ദ് ലബോറട്ടറീസ് കമ്പനികളും റൂഹ് അഫ്സ വിപണിയിലെത്തിക്കുന്നുണ്ട്.
സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടം പര്യവേക്ഷണം ചെയ്യുമ്പോള്‍, ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ ടാറ്റയുടെ മഹത്തായ സംഭാവനയെക്കുറിച്ച് സംസാരിക്കാതിരിക്കാനാവില്ല.
1903 ല്‍ ആരംഭിച്ച മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടല്‍ ലോകപ്രശസ്ത അതിഥികള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. താജ്മഹല്‍ പാലസ് ഹോട്ടല്‍ രൂപകല്‍പ്പന ചെയ്തത് ഇന്ത്യന്‍ ആര്‍ക്കിടെക്റ്റുകളായ റാവുസാഹെബ് വൈദ്യയും ഡിഎന്‍ മിര്‍സയും ചേര്‍ന്നാണ്. 1898-ല്‍ സൊറാബ്ജി കോണ്‍ട്രാക്ടറാണ് ഹോട്ടലിന്റെ അടിത്തറ പാകിയത്. 1903 ഡിസംബര്‍ 16-ന് ആദ്യത്തെ 17 അതിഥികള്‍ക്കായി ഹോട്ടല്‍ അതിന്റെ ഗേറ്റ് തുറന്നു. മുംബൈ ഭീകരാക്രമണത്തെ പോലും അതിജീവിച്ച് 120 ാം വര്‍ഷത്തിലും തലയെടുപ്പോലെ നില്‍ക്കുകയാണ് താജ് ഹോട്ടല്‍.
ടാറ്റയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ബ്രാന്‍ഡായ എയര്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം സ്ഥാപനത്തിന്റെ 90 വര്‍ഷം പൂര്‍ത്തിയാക്കി.ടാറ്റ എയര്‍ലൈന്‍സ് എന്ന പേരില്‍ 1932 ല്‍ ജെആര്‍ഡി ടാറ്റ സ്ഥാപിച്ച കമ്പനി രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം എയര്‍ ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും ദേശസാല്‍ക്കരിക്കപ്പെടുകയും ചെയ്തു. 2022 ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് വലിയ കടക്കെണിയിലായ എയര്‍ ഇന്ത്യയെ സര്‍ക്കാരില്‍ നിന്നും തിരികെ വാങ്ങി. ഭാവിയിലേക്ക് കണ്ണുനട്ട് വലിയ വികസനക്കുതിപ്പിന് തയാറെടുക്കുകയാണ് മഹാരാജ എന്ന എയര്‍ ഇന്ത്യ.
ഗൃഹാതുരത്വം നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു ബ്രാന്‍ഡാണ് പാര്‍ലെ-ജി. 1928 ലാണ് മോഹന്‍ലാല്‍ ദയാല്‍ പാര്‍ലെ സ്ഥാപിച്ചത്. ബോംബെയിലെ വിലെ പാര്‍ലെയിലായിരുന്നു ഫാക്ടറി. 95 ാം വര്‍ഷത്തിലും പോക്കറ്റിനിണങ്ങിയ പാക്കറ്റുമായി പാര്‍ലെ-ജി വിപണിയില്‍ ശക്തമായി നില്‍ക്കുന്നു.
സ്വാതന്ത്ര്യ പൂര്‍വകാലം മുതല്‍ ജനപ്രിയമായ മറ്റൊരു ഐക്കണിക് ബ്രാന്‍ഡാണ് മൈസൂര്‍ സാന്‍ഡല്‍ സോപ്പ്. 1916-ല്‍ മൈസൂര്‍ രാജാവായിരുന്ന കൃഷ്ണരാജ വൊഡയാര്‍ നാലാമന്‍ ബെംഗളൂരുവില്‍ സോപ്പ് ഫാക്ടറി സ്ഥാപിച്ചതു മുതല്‍ തനതായ ഓവല്‍ ആകൃതിയും പച്ചയും ചുവപ്പും നിറത്തിലുള്ള സോപ്പുകള്‍ പുറത്തിറങ്ങുന്നു. 100% ശുദ്ധമായ ചന്ദന എണ്ണയില്‍ നിന്ന് നിര്‍മ്മിച്ച ലോകത്തിലെ ഏക സോപ്പ് മൈസൂര്‍ സാന്‍ഡല്‍ സോപ്പാണ്. ഇന്നും നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരുന്ന ഈ ഐക്കണിക് ബ്രാന്‍ഡുകള്‍ക്ക് ഒരു സല്യൂട്ടാവാം അല്ലേ.

