ബിസിനസ് രീതികള്‍ പാടെ മാറിക്കഴിഞ്ഞു. കാലപ്പഴക്കമുള്ള ബിസിനസ് തിയറികളും അനുഭവപാഠങ്ങളും ഒന്നും പുതുതലമുറയിലെ സംരംഭകരുടെ അടുത്ത് ചെലവാകില്ല. ബിസിനസിനെ ഡിജിറ്റലാകുക, ടീം സ്പിരിറ്റ് വളര്‍ത്തുക എന്നതാണ് ഇന്നത്തെ യുവ സംരംഭകര്‍ പിന്തുടരുന്ന മാര്‍ക്കറ്റിങ് തന്ത്രം. എതിരാളികളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എങ്ങനെയാണു എന്നത് വിലയിരുത്തി അതിനേക്കാള്‍ മികച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നിടത്താണ് ഒരു സംരംഭകന്റെ വിജയം.
ഈ രംഗവുമായി ബന്ധപ്പെട്ട ആളുകളുടെ സഹായത്തോടെ മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികള്‍ പഠിക്കുന്നതും വിലയിരുത്തുന്നതും ഗുണകരമാകും. വ്യത്യസ്തമായ സ്ട്രാറ്റജികള്‍, പരസ്യ കാമ്പയിനുകള്‍ എന്നിവ പിന്തുടരുക. ഇന്‍ഫ്ലുവെന്‍ഷ്യല്‍ മാര്‍ക്കറ്റിംഗ് എന്ന രീതിക്കാണ് ഇപ്പോള്‍ ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയുക. ഒപ്പം സാമൂഹിക പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തികള്‍ ചെയ്യുന്ന ബ്രാന്‍ഡുകളോടും സ്ഥാപനങ്ങളോടും ഉപഭോക്താക്കള്‍ക്ക് ഒരു പ്രത്യേക സ്നേഹമുണ്ടായിരിക്കും. അതിനാല്‍ ഇതും ഡിജിറ്റല്‍ സ്ട്രാറ്റജിയുടെ ഭാഗമാക്കി ആവശ്യമായ പ്രമോഷന്‍ നല്‍കുക. ജനങ്ങളിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ ഇറങ്ങിച്ചെല്ലുന്നതിനായി സെലിബ്രിറ്റികളുടെ സഹായം തേടാം.
ഒരു സ്ഥാപനത്തിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഭാഗം പൂര്‍ണ വിജയമാകണമെങ്കില്‍ കരുത്തുറ്റ ഒരു ടീം ഉണ്ടായിരിക്കണം. പരമ്പരാഗത ബിസിനസ് സംരംഭകാരില്‍ പലരും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെയ്യാന്‍ ഒന്നോ രണ്ടോ ജീവനക്കാരെ നിയമിക്കുന്ന രീതി കാണാറുണ്ട്.ഇതുകൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. മികച്ച ഫലം ലഭിക്കണമെങ്കില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ എല്ലാത്തരത്തിലും ഒരേ പോലെ കൈവച്ച കഴിയുന്ന ആളുകളെത്തണം.
പല സംരംഭകരും വിചാരിക്കുന്നത് ഫേസ്ബുക്കില്‍ ആക്റ്റീവ് ആകുന്നതും ട്വിറ്റര്‍ ഹാന്‍ഡില്‍ കൈകാര്യം ചെയ്യുന്നതുമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നതാണ്. എന്നാല്‍ ഇതല്ല വാസ്തവം എന്നവര്‍ മനസിലാക്കണം. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയെല്ലാം വഴി ബിസിനസ് കൊണ്ടുവരുന്നിടത്താണ് വിജയം. ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയയിലും ഒരേ പോലെ സജീവമാകേണ്ട കാര്യമില്ല. നമ്മുടെ ഭാവി ഉപഭോക്താവ് ഏതു മേഖലയിലാണോ ഉള്ളത് അതില്‍ മാത്രം സജീവമാകുക.

