2050 ആകുമ്പോഴേക്കും ലോകരാജ്യങ്ങളില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൊണ്ട് 70% മൂടപ്പെടും എന്നാണ് പ്ലാസ്റ്റിക്ക് മാലിന്യവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനും മാറി നില്‍ക്കാനാവില്ല. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പുറന്തള്ളുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യയുടെ സ്ഥാനം.
ഇന്ത്യന്‍ മെട്രോ നഗരങ്ങളായ ഡല്‍ഹി, ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ്, കൊച്ചി എന്നിവയെല്ലാം തന്നെ ദിനംപ്രതി ടണ്‍കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് പുറന്തള്ളുന്നത്. പ്ലാസ്റ്റിക്ക് ഇല്ലാതെ ജീവിതം ദുഷ്‌കരമാകുന്ന നഗരങ്ങളില്‍ പ്ലാസ്റ്റിക്ക് നിരോധനമില്ല, മറിച്ച് പ്ലാസ്റ്റിക്ക് പുനരുപയോഗമാണ് ഏറ്റവും മികച്ച പ്രതിവിധി.

കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ ഖരമാലിന്യങ്ങള്‍ പുറന്തള്ളപ്പെടുന്ന പ്രദേശമേത് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ..ബെംഗളൂരു. ഇലക്ട്രോണിക് സിറ്റിയെന്നറിയപ്പെടുന്ന ബെംഗളുരുവിന്റെ ഈ അവസ്ഥയ്ക്ക് കാരണം നഗരവത്കരണവും ജനസംഖ്യാ ബാഹുല്യവുമാണ്. പ്രതിദിനം ബാംഗ്ലൂര്‍ നഗരത്തില്‍ മാത്രം പുറന്തള്ളപ്പെടുന്നത് ടണ്‍ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യമാണ്.
ഇത്തരത്തില്‍ കുന്നുകൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ബെംഗളുരുവിന്റെ ഭാവി ജീവിതത്തെ ബാധിക്കും എന്ന ഘട്ടം വന്നപ്പോഴാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക എന്ന പദ്ധതിക്ക് കീഴില്‍ ബെംഗളുരുവിനെ പ്ലാസ്റ്റിക്ക് മാലിന്യമുക്ത നഗരമാക്കുന്നതിനുള്ള പദ്ധതികള്‍ സ്വീകരിച്ചു തുടങ്ങിയത്. ഇത് പ്രകാരം പ്രതിദിനം 4000 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യമാണ് ബെംഗളൂരുവില്‍ നിന്നും നീക്കം ചെയ്യുന്നത്.
2016 നു മുന്‍പ് പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം കുറക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കാരി ബാഗുകള്‍ ഒഴിവാക്കുക,ഫ്‌ലെക്‌സുകള്‍ ബാനറുകള്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ എന്ന്‌നിവ വേണ്ടെന്നു വയ്ക്കുക തുടങ്ങി പരിസ്ഥിതി സംരക്ഷണത്തെ മുന്‍നിര്‍ത്തി ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ട് വന്നു. എന്നാല്‍ ജനങ്ങളുടെ സഹകരണക്കുറവിനെ തുടര്‍ന്ന് ഇക്കൂട്ടത്തില്‍ പലപദ്ധതികളും ഉപേക്ഷിക്കേണ്ടതായി വന്നു. ഇക്കോ ഫ്രണ്ട്‌ലി ആയിലുള്ള ഫ്‌ലെക്‌സുകള്‍, ബാനറുകള്‍ എന്നിവ വിപണിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് മാത്രമാണ് ഇത്തരം നിരോധനങ്ങള്‍ കൊണ്ടുണ്ടായ പ്രയോജനം.

എന്നാല്‍ ഇപ്പോഴിതാ ബെംഗളൂരു നഗരത്തിനു തലവേദനയാകുന്നു പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഭൂമിയെ നശിപ്പിക്കും മുന്‍പ് അവ നിര്‍മാര്‍ജനം ചെയ്യുന്നതിനായി മികച്ചൊരു പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് സ്വച്ഛ എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വച്ഛയുടെ പ്രധാനലക്ഷ്യം പ്രകൃതി സംരക്ഷണമാണ്. അതിനാല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിലാണ് സ്വച്ഛ് പ്രധാനമായും ശ്രമിക്കുന്നത്.
പ്ലാസ്റ്റിക്ക് കുപ്പികള്‍ ടൈലുകളാകുന്നതെങ്ങനെ ?
ഉപയോഗശേഷം നാം വലിച്ചെറിയുന്ന ശീതളപാനീയങ്ങളുടെയും ഗാര്‍ഹിക ഉല്‍പ്പന്നങ്ങളുടെയും പാഴായ കുപ്പികളില്‍ നിന്നും വീടിന്റെ ഉള്‍വശം, നടപ്പാതകള്‍, ഭിത്തികള്‍ എന്നിവയില്‍ പിടിപ്പിക്കുന്നതിനായുള്ള ടൈലുകളാണ് നിര്‍മിക്കുന്നത്. വിവിധ ഘട്ടങ്ങളിലൂടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ കടത്തിവിട്ടു ശേഷമാണ് ടൈല്‍ നിര്‍മാണം നടക്കുന്നത്. പ്രതിദിനം എന്നവണ്ണം ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സ്വച്ഛയുടെ പ്ലാന്റുകളില്‍ എത്തിക്കുന്നതാണ് ആദ്യഘട്ടം. അതിനുശേഷം ഒരേ വിഭാഗത്തില്‍പെടുന്ന പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിക്കുന്നു.
കുപ്പികളാണ് പ്രധാനമായും ടൈല്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഇതിനായുള്ള മെഷീനറികള്‍ എല്ലാം തന്നെ വിദേശത്തുനിന്നും എത്തിച്ചവയാണ്. മാലിന്യങ്ങള്‍ വേര്‍തിരിച്ചശേഷം. ഉയര്‍ന്ന മര്‍ദ്ദത്തില്‍ ഇവയ്ക്ക് രൂപ വ്യത്യാസം വരുത്തുന്നു. ഈ സമയത്ത് ചാരം, റബ്ബര്‍, മറ്റു വസ്തുക്കള്‍ എന്നിവ ഇതോടൊപ്പം ചേര്‍ക്കുന്നു. റീസൈക്കിള്‍ ചെയ്ത പൊളി പ്രോപ്പലൈന്‍ രൂപത്തില്‍ നിന്നുമാണ് ടൈലിലേക്കുള്ള രൂപമാറ്റം.
ടൈല്‍ നിര്‍മാണത്തിനായി പ്രത്യേക വൈദഗ്ദ്യം നേടിയ തൊഴിലാളികള്‍ ഉണ്ട്. പ്രത്യേക രീതിയിലുള്ള അച്ചുകളില്‍ വിവിധ ആകൃതിയിലാണ് ടൈലുകളുടെ നിര്‍മാണം നടക്കുന്നത്. പ്ലാസ്റ്റിക്കില്‍ നിന്നും നിര്‍മിക്കുന്ന ടൈലുകളാണ് എന്ന കാരണത്താല്‍ ഇവ ഗുണനിലവാരത്തില്‍ പിന്നിലാണ് എന്ന് കരുതണ്ട. 150 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് തടയുന്നതിനുള്ള ശേഷി ഇവയ്ക്കുണ്ട്. മാത്രമല്ല, 35 ടണ്‍ ഭാരം താങ്ങാനും ഇവയാകുന്നു. ഇതിനെല്ലാം പുറമെ, തീപിടുത്തം, വെള്ളപ്പൊക്കം എന്നിവയെ ചെറുക്കനും ഈ ടൈലുകള്‍ക്ക് കഴിയുന്നു.
കാലാവസ്ഥ വ്യതിയാനം മൂലം യാതൊരു വിധ കേടുപാടുകളും ഈ ഉല്‍പ്പനനത്തിനു ഉണ്ടാകുന്നില്ല. ആളുകള്‍ നടക്കുന്നത് മൂലമുണ്ടാകുന്ന കേടുപാടുകളെയും ഇത് ഫലപ്രദമായി ചെറുക്കുന്നു. മഴവെള്ളം മൂലവും ഇവയ്ക്കു യാതൊന്നും സംഭവിക്കുന്നില്ല. ഇതിനാല്‍ തന്നെയാണ് ഇത്തരം ടൈലുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഉണ്ടായി വരുന്നതും. ആവശ്യമെങ്കില്‍ ഇവയ്ക്കു വീണ്ടും രൂപമാറ്റം വരുത്താന്‍ കഴിയും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നിലവില്‍ ഏറ്റവും ലളിതമായ ഡിസൈനുകളിലാണ് ടൈലുകള്‍ വിപണിയിലെത്തുന്നത്.
ഒരു ചതുരശ്ര അടി വിസ്തീര്‍ണമുള്ള ടൈല്‍ ഒന്നിന് 70 മുതല്‍ 90 രൂപവരെയാണ് വിലവരുന്നത്. വിപണി ഈ ഉല്‍പ്പന്നത്തെ എങ്ങനെ സ്വീകരിക്കുന്നു എന്ന് മനസിലാക്കിയശേഷം വിലയില്‍ മാറ്റം വരുത്തുന്നതിനെപ്പറ്റി സ്വച്ഛ ചിന്തിക്കുന്നുള്ളൂ. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നിരവധിയാളുകള്‍ സെറാമിക് ടൈലുകള്‍ക്ക് പകരം പ്ലാസ്റ്റിക് ടൈലുകള്‍ പരീക്ഷിക്കുന്നുണ്ട്.
ശീതളപാനീയങ്ങളുടെ കുപ്പികള്‍, ഷാംപൂ ബോട്ടിലുകള്‍, മില്‍ക്ക് ബോട്ടില്‍, എന്നിവയാണ് പ്രധാനമായും ടൈല്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. 15 ഡിസ്‌പോസിബിള്‍ ഫുഡ് കണ്ടൈനറുകളില്‍ നിന്നും ഒരു ടൈല്‍ നിര്‍മിക്കാന്‍ കഴിയും. അതുപോലെ തന്നെ 150 പോളിത്തീന്‍ ബാഗുകളില്‍ നിന്നും 150 ഡിസ്‌പോസിബിള്‍ സ്പൂണുകളില്‍ നിന്നും 15 കോസ്മറ്റിക് ബോറട്ടിലുകളില്‍ നിന്നും ഓരോ ടൈലുകള്‍ വീതം നിര്‍മിക്കാനായി സാധിക്കും.
ഇതേ രീതിയില്‍ തന്നെയാണ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള പൈപ്പിന്റെ നിര്‍മാണവും. പ്ലാസ്റ്റിക്ക് മെഷീനിലൂടെ കടത്തിവിട്ട് ഗ്രാന്യൂളുകളാക്കുന്നു. ശേഷം ഈ ഗ്രാന്യൂലുകള്‍ മെഷീനിലൂടെ വീണ്ടും കടത്തിവിട്ട് രൂപമാറ്റം വരുത്തി പൈപ്പുകളാക്കി മാറ്റുന്നു. മികച്ച വിപണി സാധ്യതയുള്ള ഉല്‍പ്പന്നമാണ് ഇത്തരത്തില്‍ നിര്‍മിക്കുന്ന പൈപ്പുകളെന്ന് സ്വച്ഛ തലവന്‍ രാമപ്രസാദ് പറയുന്നു. ഇത്തരം പൈപ്പുകളുടെ വില്‍പ്പനയില്‍ നിന്നും മോശമല്ലാത്ത ഒരു തുക വരുമാനമായി സ്ഥാപനത്തിന് ലഭിക്കുന്നുണ്ട്.

