ഏഷ്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനികളിലൊന്നായി ഏഷ്യന്‍ പെയിന്റ്‌സിനെ വളര്‍ത്തിയ ശേഷമാണ് സഹസ്ഥാപകനായ അശ്വിന്‍ സൂര്യകാന്ത് ദാനി ഓര്‍മ്മയായത്. ഏഷ്യന്‍ പെയിന്റ്‌സിന്റെ ആഗോളതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കാന്‍ ദാനിക്ക് കഴിഞ്ഞിരുന്നു.
സെപ്റ്റംബര്‍ 28 വ്യാഴാഴ്ചയാണ് അശ്വിന്‍ ദാനി അന്തരിച്ചത്. 79 വയസ്സായിരുന്നു. ഏഷ്യന്‍ പെയിന്റ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നോണ്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. 1998 ഡിസംബര്‍ മുതല്‍ 2009 മാര്‍ച്ച് വരെ കമ്പനിയുടെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു അദ്ദേഹം.
21,700 കോടി രൂപയുടെ വിറ്റുവരവുള്ള രാജ്യത്തെ ഏറ്റവും വലിയ പെയിന്റ് നിര്‍മ്മാതാക്കളായി വളരാന്‍ ഏഷ്യന്‍ പെയിന്റ്‌സിന് കഴിഞ്ഞതില്‍ ദാനിയുടെ പ്രവര്‍ത്തനം വലിയ പങ്കാണ് വഹിച്ചത്. 16 രാജ്യങ്ങളില്‍ പ്രവര്‍ത്തനമുള്ള വന്‍കിട സ്ഥാപനമാണ് ഇന്ന് ഏഷ്യന്‍ പെയിന്റ്സ്.
1942ല്‍ അശ്വിന്‍ ദാനിയുടെ പിതാവ് സൂര്യകാന്ത് ദാനിയുെ ചംപക് ലാല്‍ ചോക്സിയും ചിംനാലാല്‍ ചോക്സിയും അരവിന്ദ് വക്കിലും ചേര്‍ന്നായിരുന്നു ഏഷ്യന്‍ പെയിന്റ്സിന് തുടക്കമിട്ടത്. 1967ഓടെയാണ് ഏഷ്യന്‍ പെയിന്റ്സ് രാജ്യത്തെ പ്രധാന പെയിന്റ് കമ്പനിയായി മാറുന്നത്. 1968ലാണ് അശ്വിന്‍ ദാനി കമ്പനിയില്‍ ചേര്‍ന്നത്. അവിടെ സീനിയര്‍ എക്‌സിക്യൂട്ടിവായിട്ടായിരുന്നു തുടക്കം. പിന്നീടങ്ങോട്ടുള്ള യാത്രയില്‍ കമ്പനിയെ നയിക്കാനുള്ള പാടവവും നേടി.
1944 സെപ്റ്റബര്‍ 26ന് മുംബൈയില്‍ ജനിച്ച അദ്ദേഹം മുംബൈ സര്‍വ്വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. പിന്നീട് യുഎസിലെ അക്രോണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദം നേടി. ഡെട്രോയിറ്റില്‍ കെമിസ്റ്റായാണ് കരിയറിന് തുടക്കം കുറിച്ചത്. അതിന് ശേഷമാണ് 1968ല്‍ അദ്ദേഹം ഏഷ്യന്‍ പെയിന്റ്‌സില്‍ സീനിയര്‍ എക്‌സിക്യൂട്ടിവായി ചേര്‍ന്നത്. പെയിന്റ് വിപണിയില്‍ കംപ്യൂട്ടറൈസ്ഡ് കളര്‍ മാച്ചിംഗ് ഉള്‍പ്പടെ നൂതനാത്മകമായ നിരവധി വ്യാവസായിക ട്രെന്‍ഡുകള്‍ അവതരിപ്പിച്ചത് ദാനിയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ 50 സമ്പന്നരില്‍ ഉള്‍പ്പെടുന്ന അശ്വിന്‍ ദാനിയുടെ ആകെ സമ്പത്ത് 2023ലെ ഫോബ്‌സ് കണക്കുകള്‍ പ്രകാരം 7.1 ബില്യണ്‍ ഡോളറാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനിയായും ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ പെയിന്റ് കമ്പനിയായും തുടരുകയാണ് ഏഷ്യന്‍ പെയിന്റ്സ്. 3,04,027.33 കോടി രൂപയാണ് ഏഷ്യന്‍ പെയിന്റ്സിന്റെ വിപണി മൂല്യം. 3,000 രൂപയ്ക്ക് മുകളിലാണ് ഏഷ്യന്‍ പെയിന്റ്സ് ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്.

