മുടക്കുമുതലിന്റെ 400 മടങ്ങ് തിരിച്ച് കിട്ടിയ ഒരു അപൂര്‍വ ഹോളിവുഡ് ചിത്രമുണ്ട്. പേര് എന്റര്‍ ദ ഡ്രാഗണ്‍. ചൈനീസ് ആയോധനകലയായ കുങ്ഫുവിനെ ജനകീയവല്‍ക്കരിച്ച സൂപ്പര്‍ സ്റ്റാര്‍ ബ്രൂസ് ലീയുടെ അവസാന ചിത്രം. ജൂലൈ 20 ബ്രൂസ് ലീയുടെ ചരമവാര്‍ഷിക ദിനമാണ്. ഈ ചിത്രത്തെക്കുറിച്ച് ഓര്‍ക്കാതെ ബ്രൂസ് ലീയെ ഓര്‍ക്കാന്‍ സാധിക്കില്ല.
പ്രശസ്ത സിനിമ നിര്‍മാണ കമ്പനിയായ ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്-വാര്‍ണര്‍ ബ്രദേഴ്സിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു എന്റര്‍ ദ ഡ്രാഗണ്‍. ബ്രൂസ് ലീയുടെ ഏറ്റവും മികച്ച ചിത്രവും. എന്നാല്‍ 1973 ജൂലൈ 20ന് ബ്രൂസ് ലീയുടെ അകാലമരണം സംഭവിച്ച്, ആറ് ദിവസത്തിന് ശേഷമായിരുന്നു എന്റര്‍ ദ ഡ്രാഗണ്‍ റിലീസ് ചെയ്തത്. ലോക സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലായി അത് മാറി. 400 മില്യണ്‍ ഡോളറായിരുന്നു ബോക്സ്ഓഫീസ് കളക്ഷന്‍.

