തങ്ങളുടെ ബിസിനസ് പങ്കാളികള്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയും ഭാര്യ പ്രിയങ്ക ആല്‍വയും. 1.55 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പ്രതികളായ സഞ്ജയ് സാഹ, അയാളുടെ അമ്മ നന്ദിത സാഹ, രാധിക നന്ദ എന്നിവര്‍ തന്നെക്കൊണ്ട് ഒരു ഫിലിം പ്രൊഡക്ഷന്‍ ആന്റ് ഇവന്റ് ഓര്‍ഗനൈസിംഗ് കമ്പനിയില്‍ പണം നിക്ഷേപിപ്പിച്ചെന്നും ആ തുക സ്വന്തം ആവശ്യങ്ങള്‍ക്കായി വെട്ടിച്ചെന്നുമാണ് നടന്റെ പരാതി.
2017-ല്‍ വിവേക് ഒബ്‌റോയ് ഓര്‍ഗാനിക്‌സ് എന്ന പേരില്‍ ഒരു കമ്പനി സ്ഥാപിച്ചിരുന്നു. അത് നന്നായി നടക്കാത്തതിനാല്‍, സാഹയെയും അമ്മ നന്ദിതയെയും രാധികയെയും കമ്പനിയുടെ പങ്കാളികളാക്കി അനിന്ദിത എന്റര്‍ടെയ്ന്‍മെന്റ് എന്ന കമ്പനി ഉണ്ടാക്കി . 2020 ജൂലൈയില്‍ തന്റെ ഓഹരികള്‍ തന്റെതന്നെ മറ്റൊരു കമ്പനിയായ ഒബ്‌റോയ് മെഗാ എന്റര്‍ടൈന്‍മെന്റിലേക്ക് വിവേക് മാറ്റി. സഞ്ജയ് സാഹയും രാധിക നന്ദയുമാണ് പിന്നീട് അനിന്ദിത എന്റര്‍ടൈന്‍മെന്റ് കൈകാര്യം ചെയ്തത്.
2022 ഏപ്രിലില്‍ ഒരു ജീവനക്കാരന്‍ ഫണ്ട് ദുരുപയോഗം ചെയ്തത് അന്വേഷിക്കാന്‍ വിവേക്, ദേവന്‍ ബഫ്‌ന എന്ന എക്കൗണ്ടന്റിന്റെ സഹായം തേടിയതോടെയാണ് സഞ്ജയ് സാഹ നടത്തുന്ന വന്‍ തട്ടിപ്പ് പുറത്തായത്. സഞ്ജയ് സാഹ കമ്പനിയുടെ പണം തന്റെ അമ്മയുടെ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതുള്‍പ്പെടെ വിവിധ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായി കണ്ടെത്തി. സഞ്ജയും രാധികയും ചേര്‍ന്ന് കമ്പനിയില്‍ നിന്ന് 58 ലക്ഷം രൂപ തട്ടിയെടുത്തതായും നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയില്‍ നിന്ന് 51 ലക്ഷം രൂപ കബളിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

