പണം… എത്രയുണ്ടെങ്കിലും തികയാത്ത വസ്തു. വരുമാനമുണ്ടാക്കുക മാത്രമല്ല സമ്പത്ത് വര്‍ധിപ്പിക്കാനുള്ള മാര്‍ഗം. കൈവശം എത്തിയ പണം ബുദ്ധിപൂര്‍വം നിക്ഷേപിച്ച് വര്‍ധിപ്പിച്ചാലേ സാമ്പത്തിക സുസ്ഥിരത കൈവരിക്കാനാവൂ. നമ്മള്‍ പണിയെടുത്ത് പണം സമ്പാദിച്ചാല്‍ മാത്രം പോര. അങ്ങനെ നാം സമ്പാദിച്ച പണം നമുക്കായി പണിയെടുക്കുണ്ടെന്നും ഉറപ്പു വരുത്തണം. എങ്കില്‍ മാത്രമേ അധ്വാനം ശരിയായ തോതില്‍ സാര്‍ത്ഥകമാവൂ.
അപ്പോള്‍ പണം വര്‍ധിപ്പിക്കണമെങ്കില്‍ അത് കൃത്യമായ ഇടത്ത് പിഴവില്ലാതെ ഇന്‍വെസ്റ്റ് ചെയ്യണം. ഏറ്റവും മികച്ച നിക്ഷേപക ഉപാധി ഏതാണെന്നുള്ള കാഴ്ചപ്പാടുണ്ടാക്കാന്‍ നിക്ഷേപകരെ സഹായിക്കുന്ന ഒരു നിയമമാണ് റൂള്‍ 72. എത്ര വര്‍ഷം കൊണ്ട് നമ്മുടെ പണം ഇരട്ടിയാകും എന്നതിന്റെ ഒരു ഏകദേശ കണക്ക് റൂള്‍ 72 നല്‍കും.
നിക്ഷേപത്തിന്റെ വാര്‍ഷിക പലിശ നിരക്ക് അടിസ്ഥാനമാക്കിയാണ് റൂള്‍ 72 പ്രവര്‍ത്തിക്കുക. 72 നെ നിക്ഷേപക പലിശ നിരക്കുകൊണ്ട് ഹരിച്ചാല്‍ പണം ഇരട്ടിയാകാനെടുക്കുന്ന കാലദൈര്‍ഘ്യം ലഭിക്കും.
ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സ്വര്‍ണം, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയാണ് നമ്മുടെ മുന്നിലുള്ള പ്രധാന നിക്ഷേപക മാര്‍ഗങ്ങള്‍. ഇതില്‍ എവിടെ നിക്ഷേപിച്ചാലാണ് കുറഞ്ഞ സമയം കൊണ്ട് പണം ഇരട്ടിക്കുകയെന്ന് റൂള്‍ 72 അനുസരിച്ച് നമുക്ക് പരിശോധിക്കാം.
ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍
7 ദിവസം 10 വര്‍ഷം വരെയുള്ള കാലാവധിയിലാണ് മിക്കവാറും എല്ലാ ബാങ്കുകളും ഫിക്സഡ് ഡെപ്പോസിറ്റുകള്‍ നല്‍കുന്നത്. 3 ശതമാനം മുതല്‍ 7.25 ശതമാനം വരെ വ്യത്യസ്ത പലിശ നിരക്കുകളിലാണ് ബാങ്കുകള്‍ നിക്ഷേപം സ്വീകരിക്കുക. ശരാശരി എഫ്ഡി പലിശനിരക്ക് 7% എന്ന് അനുമാനിക്കാം. റൂള്‍ 72 അനുസരിച്ച് 72/7=10.28
അഥവാ 10 വര്‍ഷവും 3 മാസവും എടുക്കും ബാങ്ക് എഫ്ഡിയിലെ നമ്മുടെ നിക്ഷേപം ഇരട്ടിയാവാന്‍.
പബ്ലിക് പ്രോവിഡന്റ് ഫണ്ട്
പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ കാര്യം പരിശോധിച്ചാല്‍, നിലവില്‍ പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ 7.1 ശതമാനമാണ്. 2020 ഏപ്രിലിന് ശേഷം പിപിഎഫ് നിരക്കില്‍ വര്‍ധന വന്നിട്ടില്ല.
റൂള്‍ 72 അനുസരിച്ച് 72/7.1 = 10.14
അഥവാ 10 വര്‍ഷവും ഒരു മാസവും കാലയളവുകൊണ്ട് പിപിഎഫില്‍ നിക്ഷേപിക്കുന്ന തുക ഇരട്ടിയാകും.
പോസ്റ്റ് ഓഫീസ് ആര്‍ഡി
പോസ്റ്റ് ഓഫീസുകളിലെ റെക്കറിംഗ് ഡെപ്പോസിറ്റ് അഥവാ ആര്‍ഡികളുടെ പലിശ നിരക്ക് 5.8 ശതമാനമാണ്. റൂള്‍ 72 അനുസരിച്ച് പോസ്റ്റ് ഓഫീസ് ആര്‍ഡി നിക്ഷേപങ്ങള്‍ ഇരട്ടിയാകുന്നത് എത്ര കാലം കൊണ്ടാണെന്ന് കണക്കുകൂട്ടി നോക്കാം.
72/5.8 = 12.4 അഥവാ 12 വര്‍ഷവും 4 മാസവും കൊണ്ടാവും പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ നിക്ഷേപിച്ച പണം ഇരട്ടിയാവുക.
സ്വര്‍ണത്തിലെ നിക്ഷേപം
സ്വര്‍ണവും ഒരു സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കുന്നത്. 1971 മുതല്‍ 2022 വരെയുള്ള ശരാശരി നിരക്ക് പരിശോധിച്ചാല്‍ പ്രതിവര്‍ഷം 7.78 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. റൂള്‍ 72 അനുസരിച്ച് പരിശോധിച്ചാല്‍
72/7.8 = 9.2 അഥവാ സ്വര്‍ണത്തിലെ നിക്ഷേപം ഏകദേശം 9.2 വര്‍ഷം കൊണ്ട് ഇരട്ടിയാവും.
ഓഹരികളിലെ നിക്ഷേപം
സമീപകാലത്ത് തിളക്കമേറിയ നിക്ഷേപ മാര്‍ഗമാണ് ഓഹരികള്‍. ഇന്ത്യയുടെ അതിഗംഭീര സാമ്പത്തിക വളര്‍ച്ച ഓഹരി വിപണിയിലും ശക്തിയായി പ്രതിഫലിക്കുന്നുണ്ട്. കോവിഡ് കാലത്തെ വീഴ്ചക്ക് ശേഷം ഓഹരി വിപണി സര്‍വകാല റെക്കോഡുകള്‍ എത്തിപ്പിടിക്കുന്ന കാലമാണിത്. സ്വാഭാവികമായും ഓഹരികളില്‍ നേരിട്ടുനം മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയും നിക്ഷേപവും നിക്ഷേപകരും വര്‍ധിച്ചിട്ടുണ്ട്.
ഓഹരികള്‍ തരുന്ന നേട്ടം അഥവാ ഓഹരി വിപണികളില്‍ നിക്ഷേപിച്ചാലത്തെ നേട്ടം റൂള്‍ 72 ഉപയോഗിച്ച് ആദ്യം പരിശോധിക്കാം. നിഫ്റ്റി 50 സൂചികയാണ് ഇതിനായി നാം എടുക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ നിഫ്റ്റി 50 സൂചിക 80% റിട്ടേണാണ് നല്‍കിയത്. പ്രതിവര്‍ഷം ശരാശരി 13.5% നേട്ടം.
റൂള്‍ 72 അനുസരിച്ച്, 72/13.5 = 5.33 അഥവാ 5.3 വര്‍ഷം കൊണ്ട് ഓഹരികല്‍ നിക്ഷേപിച്ച തുക ഇരട്ടിയാവും.
മ്യൂച്വല്‍ ഫണ്ടുകള്‍
അവസാനമായി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍ എത്ര വര്‍ഷം കൊണ്ട് ഇരട്ടിയാവുമെന്ന് പരിശോധിക്കാം. 12 മുതല്‍ 15 ശതമാനം വരെ ശരാശരി നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്നത്. 12 ശതമാനം ശരാശരി വളര്‍ച്ച കണക്കാക്കിയാല്‍ റൂള്‍ 72 അനുസരിച്ച്,
72/12 = 6 അഥവാ 6 വര്‍ഷങ്ങള്‍ കൊണ്ട് മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം ഇരട്ടിയാവും. ഇപ്രകാരം റൂള്‍ 72 ഫോര്‍മുല അനുസരിച്ച് നമ്മുടെ പണം വളര്‍ന്ന് പല മടങ്ങുകളാവുന്ന കാലാവധി എളുപ്പം കണക്കാക്കാം. പൂര്‍ണമായും കൃത്യമായ കണക്കല്ല ഇതെങ്കിലും ഏകദേശം വലിയ വ്യത്യാസം വരാതെ കണക്കുകൂട്ടലുകള്‍ നടത്താനാവും. നിക്ഷേപം ഏതാണെങ്കിലും കൃത്യമായി, അച്ചടക്കത്തോടെ അത് നടത്തുക എന്നത് പ്രധാനമാണ്. നമുക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ മാര്‍ഗം കണ്ടെത്തി ഉചിതമായി നിക്ഷേപിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ.

