2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ഗംഭീര വളര്‍ച്ച പ്രവചിച്ച് ഒരു ഏജന്‍സി കൂടി. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6% ആയിരിക്കുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്സ് പ്രവചിച്ചു. ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായിരിക്കും ഇന്ത്യയെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്സ് പറയുന്നു.
ഇന്ത്യക്കൊപ്പം വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും 6% അതിവേഗ വളര്‍ച്ച ദൃശ്യമാകുമെന്ന് ഏഷ്യ-പസഫിക്ക് മേഖലയ്ക്കായുള്ള ത്രൈമാസ സാമ്പത്തിക അപ്‌ഡേറ്റില്‍ എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്സ് പറയുന്നു. അതേസമയം ചൈനയുടെ വളര്‍ച്ചാ പ്രവചനം 2023 ലെ 5.5 ശതമാനത്തില്‍ നിന്ന് 5.2 ശതമാനമായി എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്സ് കുറച്ചിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷം റീട്ടെയ്ല്‍ പണപ്പെരുപ്പം 6.7 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്നും ആര്‍ബിഐ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ പലിശ നിരക്ക് കുറയ്ക്കുമെന്നും എസ് ആന്‍ഡ് പി അനുമാനിക്കുന്നു. സാധാരണ നിലയില്‍ ലഭിക്കുന്ന മണ്‍സൂണ്‍, താഴ്ന്ന ക്രൂഡ് വില എന്നിവ പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ ഇന്ത്യയെ സഹായിക്കും.

