ഒരു Wow ഫാക്റ്റര്‍ എന്തിലും ആഗ്രഹിക്കാത്തവര്‍ ആരുണ്ട്… പ്രത്യേകിച്ച് ഫുഡിന്റെ കാര്യത്തില്‍ അത് കിട്ടിയാല്‍ പറയുകയും വേണ്ട… ഉപഭോക്താക്കള്‍ക്ക് മോമോസിന്റെ കാര്യത്തില്‍ ഇത്തരമൊരു അനുഭവം നല്‍കുകയെന്ന ലക്ഷ്യത്തിലായിരുന്നു ക്ലാസ്‌മേറ്റുകളായ സാഗര്‍ ധര്യാനിയും ബിനോദ് ഹോമഗയും ചേര്‍ന്ന് വൗമോമോ എന്ന ബ്രാന്‍ഡിന് തുടക്കമിട്ടത്. ഭക്ഷണത്തോടുള്ള പാഷന്റെ ബലത്തില്‍ രണ്ട് ചെറുപ്പക്കാര്‍ ചേര്‍ന്ന് 2008 ഓഗസ്റ്റ് 29നായിരുന്നു ഈ ഫുഡ് സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിച്ചത്.
ഭക്ഷണത്തിലെ വൈവിധ്യങ്ങളോടുള്ള സ്‌നേഹമാണ് ഇരുവരെയും ഇത്തരമൊരു സംരംഭം തുടങ്ങാന്‍ പ്രേരിപ്പിച്ചത്. മോമോസ് വില്‍പ്പന രംഗത്തെ മാറ്റിമറിച്ചു ഇവര്‍. രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ക്യുക്ക് സര്‍വീസ് ചെയിനായി വൗ മോമോ മാറി. സാഗറാണ് കമ്പനിയുടെ സിഇഒ, ബിനോദ് സിഒഒയും.

കടം വാങ്ങിയ 30,000 രൂപ
സാഗര്‍ തന്റെ പിതാവില്‍ നിന്ന് കടം വാങ്ങിയ 30,000 രൂപയുടെ പ്രാഥമിക നിക്ഷേപവുമായാണ് 21-ാം വയസ്സില്‍ ഇരുസുഹൃത്തുക്കളും മോമോ ബിസിനസ്സിലേക്ക് ചുവടുവച്ചത്. ബ്രാന്‍ഡ് വിപുലീകരണം, മാര്‍ക്കറ്റിംഗ്, റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സാഗര്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, ബിനോദ് ഉല്‍പ്പാദനത്തിന്റെയും ഗുണനിലവാരത്തിന്റെയും ചുമതല ഏറ്റെടുത്തു.
ഫുഡ് ബിസിനസ് തുടങ്ങണമെന്ന കാര്യത്തില്‍ ഇരുവര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല.. തുടക്കത്തില്‍, അവര്‍ മുംബൈയില്‍ ഒരു ബേക്കറി കട തുറക്കാന്‍ ആലോചിച്ചെങ്കിലും ഒടുവില്‍ ബിനോദിന് മോമോസ് ഉണ്ടാക്കാന്‍ അറിയാമായിരുന്നതിനാലാണ് മോമോ ബിസിനസിലേക്ക് കടക്കാന്‍ തീരുമാനിച്ചത്.
30,000 രൂപയ്ക്ക് തുടങ്ങിയ ബിസിനസിന് ഇന്ന് പ്രതിമാസ വരുമാനം 40-45 കോടി രുപയാണ്. ഒരു ടേബിളും രണ്ട് പാര്‍ട് ടൈം ഷെഫുകളുമായിരുന്നു പ്രാരംഭദശയിലുണ്ടായിരുന്നത്. ഇന്ന് 500ഓളം സ്‌റ്റോറുകളിലേക്ക് മോമോസ് വളര്‍ന്നു. 2017ല്‍ ലൈറ്റ്ഹൗസ് ഫണ്ട്‌സില്‍ നിന്നും ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്കില്‍ നിന്നുമായി 44 കോടി രൂപ സമാഹരിക്കാനായതോടെ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
2018ല്‍ ഫാബ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ വില്ല്യം ബിസ്സെല്‍ 3 കോടി രൂപ ഈ മോമോസ് സംരംഭത്തില്‍ നിക്ഷേപിച്ചു. അതിന് പിന്നാലെ പ്രശസ്ത പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് 130 കോടി രൂപ വൗമോമോയില്‍ നിക്ഷേപിച്ചതോടെ കമ്പനിയുടെ മൂല്യം 860 കോടി രൂപയായി ഉയര്‍ന്നു. ഇതോട് കൂടി വ്യാപകമായി വിവിധ നഗരങ്ങളില്‍ ശൃംഖലകള്‍ സ്ഥാപിക്കാന്‍ വൗമോമോയ്ക്കായി.
നിക്ഷേപം തുടരുന്നു
ഈ ഏപ്രിലില്‍ 70 കോടി രൂപയാണ് ഇസെഡ്3 പാര്‍ട്‌ണേഴ്‌സില്‍ നിന്ന് വൗമോമോ സമാഹരിച്ചത്. കമ്പനി നിലവില്‍ വന്ന് ഇതിനോടകം 640 കോടി രൂപയോളം സമാഹരിക്കാന്‍ വൗമോമോയ്ക്ക് സാധിച്ചു എന്നതാണ് ശ്രദ്ധേയം.

