2025ല്‍ ചന്ദ്രനിലേക്കും, അടുത്ത ദശകത്തില്‍ ചൊവ്വയിലേക്കും അസ്‌ട്രോനട്ടുകളെ അയയ്ക്കാനാണ് നാസയുടെ തീരുമാനം. ഇന്ത്യയും ബഹിരാകാശത്തേക്കുള്ള യാത്രക്ക് പദ്ധതിയിട്ടിരിക്കുന്നു. ബഹിരാകാശ യാത്രകള്‍ ജീവന് പൂര്‍ണ സംരക്ഷണം നല്‍കുന്നവയല്ല. അപകട മരണമോ സ്വാഭാവിക മരണമോ ഒക്കെ സംഭവിക്കാം. കൂടുതല്‍ ആളുകള്‍ ബഹിരാകാശത്തേക്ക് പോകുമ്പോള്‍ മരണങ്ങളും പ്രതീക്ഷിക്കണം.
60 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യന്‍ ബഹിരാകാശ പര്യവേക്ഷണം ആരംഭിച്ചതു മുതല്‍ നാസ സ്പേസ് ഷട്ടില്‍ ദുരന്തങ്ങളില്‍ 20 സഞ്ചാരികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1986ലെയും 2003ലെയും നാസ സ്പേസ് ഷട്ടില്‍ ദുരന്തങ്ങളില്‍ 14 പേരും 1971 ലെ സോയൂസ് 11 മിഷന്‍ ദുരന്തത്തില്‍ 3 പേരും 1967 ലെ അപ്പോളോ 1 ദൗത്യത്തിനിടെ 3 പേരും മരിച്ചു. ബഹിരാകാശത്ത് ആരെങ്കിലും മരിച്ചാല്‍ എന്തു ചെയ്യും? ഭൂമിയോട് ഏറ്റവുമടുത്ത ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് മരണം സംഭവിക്കുന്നതെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബോഡി ഭൂമിയിലേക്ക് തിരിച്ചയക്കനാകും.
ഇനി ചന്ദ്രനിലാണ് മരണം സംഭവിച്ചതെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ബോഡിയുമായി തിരിച്ചെത്താം. ഇതിനെല്ലാമുള്ള വിശദമായ പ്രോട്ടോക്കോളുകള്‍ നാസയ്ക്കുണ്ട്. ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ നാസ പ്രാധാന്യം കൊടുക്കുന്നത് മൃതശരീരത്തിനല്ല, മറിച്ച് ശേഷിക്കുന്ന ക്രൂവിനെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിക്കുക എന്നതിനാണ്.
ചൊവ്വയിലേക്കുള്ള 300 മില്യണ്‍ മൈല്‍ ദൂരമുള്ള ട്രിപ്പിനിടയിലാണ് മരണം സംഭവിക്കുന്നതെങ്കില്‍ ക്രൂവിന് അപ്പോള്‍ തന്നെ തിരിച്ചു പോരാന്‍ കഴിഞ്ഞെന്നു വരില്ല. മിഷന്‍ അവസാനിച്ചതിനു ശേഷം മുഴുവന്‍ ക്രൂവിന്റെയും ഒപ്പം മാത്രമേ മൃതശരീരവും തിരിച്ചെത്തൂ. അത് പക്ഷേ ഒന്നു രണ്ടു കൊല്ലത്തിനു ശേഷമായിരിക്കാം. ആ സമയത്ത് പ്രത്യേക ചേമ്പറിലോ സ്‌പെഷ്യലൈസ്ഡ് ബോഡി ബാഗിലോ ആയിരിക്കും മൃതദേഹം സൂക്ഷിക്കുന്നത്. സ്‌പേസ് വൈഹിക്കിളിലെ ശാശ്വതമായ താപനിലയും ഹ്യുമിഡിറ്റിയും മൃതശരീരത്തെ സംരക്ഷിച്ചു നിര്‍ത്തും.
ബഹിരാകാശ നിലയമോ പേടകമോ പോലുള്ള അന്തരീക്ഷത്തില്‍ മരിച്ചാല്‍ മാത്രമാണ് ഇതെല്ലാം ബാധകമാകുന്നത്. സ്‌പേസ് സ്യൂട്ടിന്റെ സംരക്ഷണമില്ലാതെ ബഹിരാകാശത്തേക്ക് ഇറങ്ങിയാല്‍ തല്‍ക്ഷണം മരണം സംഭവിക്കും. കാരണം ബഹിരാകാശത്തെ മര്‍ദ്ദ വ്യതിയാനവും ശൂന്യതയും മൂലം ശ്വാസമെടുക്കുന്നത് അസാധ്യമാവുകയും രക്തവും മറ്റ് ശരീരദ്രവങ്ങളും തിളയ്ക്കുകയും ഞൊടിയിടയില്‍ മരണം സംഭവിക്കുകയും ചെയ്യും. ബഹിരാകാശ യാത്രികന്‍ സ്പേസ് സ്യൂട്ടില്ലാതെ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ ഇറങ്ങിയാലും ഇതുതന്നെയാവും സംഭവിക്കുക.
ബഹിരാകാശയാത്രികന്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങിയ ശേഷം മരിക്കുകയാണെങ്കില്‍ ശവസംസ്‌കാരം അഭികാമ്യമല്ല. മൃതശരീരത്തില്‍ നിന്നുള്ള ബാക്ടീരിയകളും മറ്റ് ജീവജാലങ്ങളും ചൊവ്വയുടെ ഉപരിതലത്തെ മലിനമാക്കും. അതുകൊണ്ട് തിരികെവരുന്നത് വരെ മൃതദേഹം പ്രത്യേക ബോഡി ബാഗില്‍ സൂക്ഷിക്കുകയാണ് ചെയ്യുക.

