അമൃത ആശുപത്രിയില്‍ പുതിയതായി ആരംഭിക്കുന്ന റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ആന്റ് വെല്‍നസ് ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ബഹു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടക്കുന്ന ചടങ്ങില്‍ ഡോക്ടര്‍മാരുടെ തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പദ്ധതിയായ അമൃത ആന്വല്‍ റിവ്യൂ ഇന്‍ പാലിയേറ്റീവ് മെഡിസിന്‍ പ്രോഗ്രാമിന്റെയും പെയിന്‍ ആന്റ് പാലിയേറ്റിവ് രോഗികള്‍ക്കായുള്ള സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിക്കും.
വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക. ശരീരത്തിന്റെ സ്വഭാവികമായ രോഗശാന്തി പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ മാത്രം ചികിത്സയില്‍ ഉപയോഗിക്കുന്നതിനാല്‍ വേദനസംഹാരി മരുന്നുകളോട് കൃത്യമായി പ്രതികരിക്കാത്ത രോഗാസ്ഥകളിലും ദീര്‍ഘകാലം മരുന്ന് കഴിക്കാന്‍ സാധിക്കാത്തവര്‍ക്കും ഈ ചികിത്സ പ്രയോജനകരമാകും.
ഇതോടൊപ്പം ദീര്‍ഘകാലമായി വേദനകള്‍ അനുഭവിക്കുന്ന രോഗികളില്‍ പോഷകങ്ങള്‍, ആഹാരക്രമം, അനുയോജ്യമായ വ്യായാമരീതികള്‍, തുടങ്ങി ജീവിതശൈലീ ക്രമീകരണങ്ങള്‍ക്കാവശ്യമായ സഹായങ്ങളും ക്ലിനിക്കിലൂടെ രോഗികള്‍ക്ക് ലഭ്യമാകും.
സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ശോഭാ നായര്‍ സ്വാഗതം പറയും. സ്വാമി അനഘാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തും. അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ വി ബീന, സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. അജോയ് മേനോന്‍, മെഡിക്കല്‍ ഓങ്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. വെസ്ലി എം ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

