തമിഴ് നാട്ടിലെ തിരുച്ചിറപ്പിള്ളിയില്‍ നിന്നും 42 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന മുസിരി പഞ്ചായത്ത് കേന്ദ്രീകരിച്ച് സ്‌കോപ് എന്ന പേരില്‍ സുബ്ബുരാമന്‍ എന്ന വ്യക്തി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. സുബ്ബുരാമന്‍ ജനിച്ചു വളര്‍ന്ന പ്രദേശമാണ് മുസിരി. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കര്‍ഷക കുടുംബങ്ങളാണ് മുസിരിയില്‍ ഉള്ളത്. അതിനാല്‍ തന്നെ സാമൂഹികമായ മുന്നേറ്റങ്ങളും ഈ പ്രദേശത്ത് വളരെ കുറവാണ്. തമിഴ് നാട്ടിലെ തിരുച്ചിറപ്പിള്ളിയില്‍ നിന്നും 42 കിലോമീറ്റര്‍ മാറിയാണ് മുസിരി പഞ്ചായത്ത്. കാവേരി നദിയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം.

ജലസമൃദ്ധം, നല്ല വിളവുതരുന്ന പാടങ്ങള്‍, പച്ചക്കറിത്തോട്ടങ്ങള്‍ എന്നിവയാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. പലപ്പോഴും ഈ പ്രദേശത്ത് ശൗചാലയങ്ങള്‍ സ്ഥാപിക്കുന്നതിനെപ്പറ്റി പച്ചയാത്ത തലത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും ഒന്നും ഫലവത്തായില്ല. കാരണം, ഭൂഗര്‍ഭജലവിതാനം ഉയര്‍ന്നാണിരിക്കുന്നത്. അതുകൊണ്ടൊരു പ്രശ്നമുണ്ട്. സാധാരണ കക്കൂസുകള്‍ ഗുണത്തേക്കാളേറെ ദോഷമാണിവിടെ ചെയ്യുന്നത്. ശരിയായ വിധത്തില്‍ സംസ്‌കരിക്കപ്പെട്ടില്ലെങ്കില്‍ വെള്ളം മലിനപ്പെടാനുള്ള സാധ്യത ഏറെയാണ് എന്നത് തന്നെ.
ഈയൊരു അവസ്ഥയിലാണ് പ്രദേശത്ത് ആദ്യമായി ഒരു ശൗചാലയം വരുന്നത്. അതിനു നേതൃത്വം വഹിച്ചത് സുബ്ബൂരാമന്റെ നേതൃത്വത്തിലുള്ള സ്‌കോപ് എന്ന സംഘടനയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2000-ത്തിലാണ് ആദ്യത്തെ ഇകോസാന്‍ ശൗചാലയം കാലിപ്പാളയം ഗ്രാമത്തില്‍ സ്ഥാപിക്കുന്നത്. ശൗചാലയം വന്നാലുള്ള ഗുണങ്ങള്‍ പരിസരവാസികള്‍ മനസിലാക്കുന്നത് തന്നെ ആ കാലയളവിലാണ്. 2005 ആയപ്പോഴേക്കും ഈ സാങ്കേതിക വിദ്യ അവര്‍ കൂടുതല്‍ മെച്ചപ്പെടുത്തി. ഒപ്പം ഏഴ് ടോയ്ലെറ്റുകളുള്ള ഒരു സമൂഹ ശൗചാലയം സ്ഥാപിക്കുകയും ചെയ്തു.തിരുച്ചിറപ്പിള്ളിയില്‍ മാത്രം സ്‌കോപ് ഇത്തരം ഇരുപതിനായിരത്തിലധികം ശൗചാലയങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു.
ഗ്രാമത്തിന്റെ കരുത്തായി മാറിയ ‘സ്‌കോപ്’
ഒട്ടേറെ നല്ല ലക്ഷ്യങ്ങളോടെയാണ് സ്‌കോപ് എന്ന സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. ഗ്രാമീണ ജനതയുടെ പൊതുവായ വികസനമായിരുന്നു സ്‌കോപ്പിന്റെ ലക്ഷ്യം. എന്നാല്‍ സ്‌കോപ് ഗ്രാമീണ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോഴാണ് തുറന്ന സ്ഥലത്തെ മലവിസര്‍ജ്ജനം പ്രദേശത്ത് എത്രമാത്രം വ്യാപകവും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന് സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് നേരിട്ട് മനസ്സിലായത്.
അങ്ങനെയാണ് സ്‌കോപ് ശുചിമുറികള്‍ നിര്‍മിക്കാന്‍ തുടങ്ങുന്നത്. മുസരി പഞ്ചായത്തില്‍ നിന്നും തുടക്കം കുറിച്ച പദ്ധതി, ജനതയുടെ ആവശ്യങ്ങള്‍ മനസിലാക്കി രാജ്യത്തിന്റെ പലഭാഗത്തേക്ക് വികസിച്ചു.ഇതിനകം രാജ്യത്തെ 26 സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിലധികം ശൗചാലയങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. വലിയ പ്രോജക്ടുകള്‍ ബിഹാര്‍, ആന്ധ്ര പ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ അസ്സാം എന്നിവിടങ്ങളിലാണ്.
1975-ല്‍ തിരുച്ചിറപ്പിള്ളി ഇ.വി.ആര്‍ കോളെജില്‍ നിന്നും ബി എസ് സി കെമിസ്ട്രി പാസായ ശേഷം സുബ്ബുരാമന്‍ തുങ്കൂരിലെ സിദ്ധാര്‍ത്ഥ കോളെജ് ഓഫ് എജ്യുക്കേഷനില്‍ നിന്ന് ബി എഡ് നേടി. 1976-ല്‍ ഗുണ്ടൂരിലെ വില്ലേജ് റീകണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന എന്‍ ജി ഓ-യില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ചെലവുകുറഞ്ഞ വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന ഒരു സംഘടനയായിരുന്നു അത്. ഈ സംഘടനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗ്രാമീണ ജനതയുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായ ശൗചാലയങ്ങളുടെ നിര്‍മാണത്തിലേക്ക് അദ്ദേഹം എത്തുന്നത്.
ചെന്നൈയില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുകയും ബെല്‍ജിയത്തില്‍ നിന്നുള്ള പോള്‍ കാല്‍വെര്‍ട് എന്ന എന്‍ജിനീയറെ പരിചയപ്പെടുകയും ചെയ്തപ്പോഴാണ് ഇകോസാന്‍ ടോയ്ലെറ്റുകളെക്കുറിച്ച് സുബ്ബുരാമന്‍ അറിയുന്നത്. തുടര്‍ന്നാണ് സ്‌കോപ്പ് എന്ന സംഘടനാ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നത്.തുടക്കത്തില്‍ ഗ്രാമീണരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു സ്‌കോപ് ശ്രദ്ധിച്ചിരുന്നത്.
ഏത് പ്രദേശങ്ങള്‍ക്കും യോജിക്കുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തതാണ് ഇകോസാന്‍ ശുചിമുറികള്‍. സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കാന്‍ ബുദ്ധിമുട്ടുള്ള പാറപ്രദേശങ്ങള്‍ക്ക് യോജിക്കുന്ന രീതിയിലാണ് ഇകോസാന്‍ ശൗചാലയങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ, വെള്ളത്തിന് ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലും ഈ കക്കൂസുകള്‍ ഉപയോഗിക്കാം. കാരണം വെള്ളത്തിന്റെ ആവശ്യം പരിമിതമാണ്.
ഇകോസാന്‍ ശൗചാലയങ്ങള്‍ക്ക് രണ്ട് പാനുകളാണ് ഉള്ളത്. ഒന്ന് മലവിസര്‍ജ്ജനം നടത്താനും മറ്റൊന്ന് മൂത്രമൊഴിക്കാനും. ഈ ഭാഗങ്ങളെല്ലാം തന്നെ താഴെ പ്രത്യേകം അറകളുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ശുചിമുറി ഭൂമിയ്ക്ക് മുകളില്‍ ഉയരത്തിലാണ് നിര്‍മിക്കുക.മാത്രമല്ല, ഓരോ യൂനിറ്റും അതിന് താഴെ മാലിന്യം ശേഖരിക്കുന്ന പ്രത്യേകം അറകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. താഴത്തെ അറകള്‍ കോണ്‍ക്രീറ്റുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് ജലസ്രോതസ്സുകളേയോ ഭൂഗര്‍ഭജലത്തേയോ മലിനമാക്കുന്നില്ല. ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന മാലിന്യം സംസ്‌കരിക്കപ്പെടുകയും പിന്നീട് യൂറിയയായും വളമായും മാറ്റുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വളം ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു സമീപനം സ്വീകരിച്ചിരിക്കുന്നത്.
വെള്ളത്തിനു പകരം ഇത്തരം ശൗചാലയങ്ങളില്‍ ചാരം ആണ് ഉപയോഗിക്കുന്നത്. ചാരം ഈര്‍പ്പം വലിച്ചെടുക്കുകയും വളമായി മാറുന്ന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും. ചാരത്തിന് ബാക്റ്റീരിയകളെ നശിപ്പിക്കുന്നതിനുള്ള കഴിവുമുണ്ട്. അതിനാലാണ് ഇത്തരത്തില്‍ ഒരു സാങ്കേതിക വിദ്യ കൊണ്ട് വന്നിരിക്കുന്നത്. ഇത്തരത്തില്‍ ധാരാളം സമൂഹ ശുചിമുറികളും നിര്‍മിച്ചിട്ടുണ്ട്. 12 മാസം കൊണ്ടാണ് കമ്പോസ്റ്റുകള്‍ നീയേക്കാം ചെയ്യുന്നത്.ഓരോ വര്‍ഷവും ഒരു ടോയ്ലെറ്റ് യൂനിറ്റ് നാനൂറ് കിലോ വളം ഉല്‍പാദിപ്പിക്കും. സമൂഹ ശുചിമുറികളില്‍ നിന്ന് 1,177 കിലോ വരെ വളം കിട്ടും. ഇത് കര്‍ഷകര്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്.

