ഇടക്കാല ബജറ്റ് അവതരണത്തിന്റെ തരംഗങ്ങള്‍ സ്വര്‍ണ വിപണിയിലും ദൃശ്യമായി. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചു. 46,520 രൂപയാണ് പവന്‍വില. ഒരു ഗ്രാം സ്വര്‍ണത്തിനു 5,815 രൂപയാണ്. രാജ്യാന്തര വില വര്‍ധനയെ തുടര്‍ന്നാണ് കേരളത്തിലും വില വര്‍ധിച്ചത്. രാജ്യാന്തര വില ഔണ്‍സിന് 10 ഡോളറോളം ഉയര്‍ന്ന് 2,045 ഡോളറിലെത്തിയിട്ടുണ്ട്. വെള്ളി വിലയില്‍ മാറ്റമില്ല 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 10 രൂപ വര്‍ധിച്ച് ഗ്രാമിന് 4,805 രൂപയായി.
സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി നിലവിലെ 12.5 ശതമാനത്തില്‍ നിന്ന് 4-8 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന് വ്യാപാരലോകം ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നികുതി കുറയ്ക്കുമെന്ന വിശ്വാസത്തിലാണ് സ്വര്‍ണവ്യാപാരികള്‍. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സ്വര്‍ണ ഡിമാന്‍ഡ് മൂന്ന് ശതമാനം താഴ്ന്ന് 747.5 ടണ്ണായെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനം ചൈനക്കാണ്.

