ഇടക്കാല ബജറ്റ് പ്രഖ്യാപനത്തില്‍ റെയില്‍വേ, ടൂറിസം മേഖലകള്‍ക്ക് പ്രത്യേക ശ്രദ്ധ. റെയില്‍വേക്ക് 2.55 ലക്ഷം കോടി രൂപ വകയിരുത്തിയ നിര്‍മ്മല ഊര്‍ജം (Energy), ധാതു (Minerals), സിമന്റ് എന്നിങ്ങനെ മൂന്നു ഇടനാഴികള്‍ പ്രഖ്യാപിച്ചു. ഇതില്‍ തുറമുഖ കണക്റ്റിവിറ്റിയും ഉള്‍പ്പെടും.പി.എം. ഗതിശക്തി പദ്ധതിയിലൂന്നിയുള്ളതാണ് ഈ ഇടനാഴികള്‍.
പദ്ധതി മുഖാന്തിരം ചരക്കുനീക്കവും യാത്രാസൗകര്യങ്ങളും സുഗമമാക്കാനും ചെലവുകള്‍ ചുരുക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, രാജ്യത്ത് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ വവരുമെന്നും മെട്രോ, നമോ ഭാരത് പദ്ധതികള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്ന പശ്ചാത്തലത്തില്‍ ആത്മീയ (Spiritual) ടൂറിസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കും. ആ മേഖലയിലെ തുടര്‍ വികസനത്തിന് ആക്കം കൂട്ടും. ജി20 സമ്മേളനത്തിന് വേദിയായത് രാജ്യത്തിന് വലിയ കുതിപ്പായി. ടൂറിസം മേഖലകളുടെ ബ്രാന്‍ഡിംഗിനും മാര്‍ക്കറ്റിംഗിനും സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല പലിശരഹിത വായ്പ നല്‍കും. ലക്ഷദ്വീപില്‍ പോര്‍ട്ട് കണക്റ്റിവിറ്റി, ടൂറിസം അടിസ്ഥാനസൗകര്യം, യാത്രികര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തും തുടങ്ങി നിരവധി പദ്ധതികള്‍ ടൂറിസം മേഖലയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.































