Connect with us

Hi, what are you looking for?

News

നാടാര്‍ക്ക് മുകളില്‍ പറക്കില്ല അംബാനിയും അദാനിയും! ജീവകാരുണ്യ മേഖലയില്‍ പുതിയ റെക്കോഡ്

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് വര്‍ഷങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സമ്പത്ത് ചെലവഴിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് ശിവ് നാടാരും കുടുംബവും തന്നെയാണ്

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്‍മാര്‍ ആരെന്ന് ചോദിച്ചാല്‍ അംബാനിയാണോ അദാനിയാണോ എന്ന സംശയം മാത്രമാവും ബാക്കി. സമ്പത്ത് സമാഹരിക്കുന്നതില്‍ ഇവര്‍ തന്നെയാണ് മുന്നിലെന്നതില്‍ സംശയമില്ല. എന്നാല്‍ സമാഹരിക്കുന്ന സമ്പത്ത് സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് തിരികെ നല്‍കുന്ന വിശാലഹൃദയന്‍മാരായ കോടീശ്വരന്‍മാരുടെ പട്ടികയെടുത്താല്‍ അംബാനിയും അദാനിയും ഇരിക്കുന്ന തുലാസിന്റെ തട്ട് കാര്യമായി തന്നെ മേലോട്ടുയരും.

മറുവശത്തെ തട്ടില്‍ ഐടി കമ്പനിയായ എച്ച്‌സിഎല്‍ടെക് സ്ഥാപകന്‍ ശിവ് നാടാരാണ് ഇരിക്കുന്നതെന്ന് അപ്പോള്‍ മനസിലാക്കിക്കൊള്ളണം. നാടാരെ വെല്ലാന്‍ ഒരു ഫിലാന്ത്രോപ്പിസ്റ്റ് തല്‍്ക്കാലം ഇന്ത്യയിലില്ല. എഡല്‍ഗിവ് ഹൂറണ്‍ ഇന്ത്യയുടെ 2023 ലെ ജീവകാരുണ്യ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നാടാര്‍ ഇരിപ്പുറപ്പിക്കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 2042 കോടി രൂപ ചെലവാക്കിയാണ്. അദ്ദേഹവും കുടുംബവും ചേര്‍ന്ന് ദാനം ചെയ്ത തുകയാണിത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് വര്‍ഷങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സമ്പത്ത് ചെലവഴിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് ശിവ് നാടാരും കുടുംബവും തന്നെയാണ്. വിപ്രോയുടെ അസിം പ്രേംജിയും കുടുംബവും 1,774 കോടി രൂപ 2023 ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിട്ടു. മുകേഷ് അംബാനിയും കുടുംബവും 376 കോടി രൂപ സംഭാവന നല്‍കി മൂന്നാം സ്ഥാനത്തുണ്ട്. 287 കോടി രൂപ ചെലവിട്ട കുമാര്‍മംഗലം ബിര്‍ളയും കുടുംബവുമാണ് നാലാമത്. അഞ്ചാമതുള്ള ഗൗതം അദാനി കുടുംബം 2023 ല്‍ ചെലവിട്ടത് 285 കോടി രൂപ.

264 കോടി രൂപയുമായി ബജാജ് കുടുംബമാണ് ജീവകാരുണ്യ മേഖലയില്‍ സജീവ പങ്കാളിത്തവുമായി ആറാമത്. വേദാന്ത ലിമിറ്റഡിന്റെ അനില്‍ അഗര്‍വാളും കുടുംബവും 241 കോടി രൂപ ദാനം ചെയ്ത് ഏഴാമതുണ്ട്. ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനി 189 കോടി രൂപയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുമായി എട്ടാമത്.

വാക്സിന്‍ നിര്‍മാണത്തിലൂടെ വളര്‍ന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനാവാലയും അദാര്‍ പൂനാവാലയും 2023 ല്‍ 179 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടു. നന്ദന്‍ നിലേക്കനിയുടെ ഭാര്യ രോഹിണി നിലേക്കനി 170 കോടി രൂപ സംഭാവന ചെയ്ത് പട്ടികയില്‍ പത്താം സ്ഥാനത്തെത്തി. ടോപ് ടെന്നിലുള്ള ഏക വനിതയും രോഹിണിയാണ്.

ഇതൊക്കെയാണെങ്കിലും രണ്ടാമതുള്ള അസിം പ്രേംജി കുടുംബത്തെ ഒഴിവാക്കിയാല്‍ പിന്നെ ടോപ് ടെന്നില്‍ ശേഷിക്കുന്ന എട്ട് ബിസിനസ് കുടുംബങ്ങളും വ്യക്തികളും ദാനം ചെയ്ത തുക കൂട്ടിച്ചേര്‍ത്താലും ശിവ് നാടാരും കുടുംബവും ചെലവഴിച്ച തുക മറികടക്കില്ല. ജീവകാരുണ്യത്തിന്റെ ത്രാസില്‍ നാടാരുടെ തട്ട് താഴ്ന്നുതന്നെ ഇരിക്കുന്നത് അതുകൊണ്ടാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like