അദാനി എന്റര്‍പ്രൈസസിന്റെ ആദ്യപാദഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കമ്പനിയുടെ ലാഭം 43.55% ഉയര്‍ന്ന് 673.93 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ ആദ്യപാദത്തില്‍ 469 കോടി രൂപയായിരുന്നു ലാഭം. അതേസമയം കമ്പനിയുടെ മൊത്ത വരുമാനം 37% ഇടിഞ്ഞ് 25,809.94 കോടി രൂപയിലെത്തി. ഓപ്പറേഷന്‍സില്‍ നിന്നുള്ള റെവന്യൂവും മറ്റ് വരുമാനവും ഉള്‍പ്പെടുന്നതാണ് മൊത്ത വരുമാനം. കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തില്‍ 41,066.43 കോടി രൂപയായിരുന്നു മൊത്തവരുമാനം.
കല്‍ക്കരി വിലയിലെ മാറ്റമാണ് മൊത്തവരുമാനം ഇടിയാനുള്ള കാരണമായി കമ്പനി കാണുന്നത്. ശക്തമായ പ്രവര്‍ത്തന വളര്‍ച്ചയുടെ കരുത്തില്‍ എബിഡ്റ്റ 2,896 കോടി രൂപയായി ഉയര്‍ന്നു. 47 ശതമാനമാണ് ഈയിനത്തിലുള്ള വളര്‍ച്ച. പല വന്‍കിട പദ്ധതികളും നടപ്പാക്കുന്നതിലെ വൈദഗ്ധ്യമാണ് കമ്പനിയുടെ അടിസ്ഥാന വളര്‍ച്ചയെ മുന്നോട്ടുി നയിക്കുന്നതെന്ന് ചെയര്‍മാന്‍ ഗൗതം അദാനി പ്രതികരിച്ചു. ഭേദപ്പെട്ട പാദഫലങ്ങളുടെ പശ്ചാത്തലത്തില്‍ കമ്പനിയുടെ ഓഹരി വില 2.37 ശതമാനം ഉയര്‍ന്ന് 2,531.90 രൂപയിലെത്തി.

