രാജ്യത്തെ മൊത്തവ്യാപാരികള്‍ പറയുന്നത് ഇനി മുതല്‍ തക്കാളി കിലോക്ക് 300 രൂപ വിലയിലേക്ക് എത്തുമെന്നാണ്. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി പ്രതിനിധികള്‍ പറയുന്നതനുസരിച്ച് പച്ചക്കറി മൊത്തക്കച്ചവടക്കാര്‍ വന്ഡ നഷ്ടം നേരിടുകയാണ്. കാരണം തക്കാളി മാത്രമല്ല, മറ്റ് സീസണല്‍ പച്ചക്കറികളുടെയും, ഉദാഹരണത്തിന് കാപ്‌സിക്കം പോലെയുളളവയുടെയും വില്‍പ്പന ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഇത്.
ഹോള്‍സേല്‍ മാര്‍ക്കറ്റില്‍ തക്കാളി കിലോയ്ക്ക് 160 രൂപയുണ്ടായിരുന്നത് 220 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. ഇതുകൊണ്ട് തന്നെ ചില്ലറ വിലയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.
ഇതിനിടയിലാണ് റീട്ടെയില്‍ സ്റ്റോറുകള്‍ വഴി മദര്‍ ഡയറി ബുധനാഴ്ച്ച മുതല്‍ പ്രധാന കിച്ചണ്‍ വിഭവമായ തക്കാളി കിലോയ്ക്ക് 259 രൂപയ്ക്ക് വില്‍ക്കാന്‍ തുടങ്ങിയത്. എന്തായാലും ഒരു മാസത്തിലേറെയായി തക്കാളി വില സമ്മര്‍ദ്ദത്തിലാണ് എന്ന കാര്യം സംശയമില്ല. പ്രധാന ഉത്പാദനമേഖലകളില്‍ കനത്ത മഴ കാരണമുണ്ടായ വിതരണതടസ്സം തന്നെയാണ് ഈ സാഹചര്യത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ ഉരുള്‍പൊട്ടലും കനത്ത മഴയും പച്ചക്കറികള്‍ കൊണ്ടുപോകുന്നതിലും വിതരണം നടത്തുന്നതിനും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇങ്ങനെ വരുമ്പോള്‍ ഉത്പാദകരില്‍ നിന്ന് പച്ചക്കറി കയറ്റുമതി ചെയ്യുന്നതിന് പതിവിലും 8 മണിക്കൂറിലധികം സമയമെടുക്കുന്നു. അതുകൊണ്ട് തന്നെ തക്കാളിയുടെ വില കിലോയ്ക്ക് 300 രൂപ വരെ എത്താമെന്നാണ് ചില കച്ചവടക്കാര്‍ പറയുന്നത്.
ഇത് മാത്രമല്ല, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന തക്കാളിയുടെയും പച്ചക്കറികളുടെയും ഗുണനിലവാരം കുറഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിമാചല്‍ പ്രദേശില്‍ ജൂലൈയില്‍ പെയ്ത കനത്ത മഴയില്‍ വന്‍ കൃഷിനാശവും ഉണ്ടായി.
ജൂലൈ 14 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതോടെ സബ്‌സിഡി നിരക്കില്‍ തക്കാളി വില്‍പന ഉണ്ടായിരുന്നു. അതോടെ രാജ്യതലസ്ഥാനത്ത് ചില്ലറ വില്‍പ്പന കുറഞ്ഞു തുടങ്ങിയിരുന്നു. പക്ഷേ ലഭ്യതക്കുറവ് കാരണം അത് വീണ്ടും ദൃഢമാവുകയും ചെയ്തു.
വിപണിയില്‍ തക്കാളിയുടെ ലഭ്യതയും ആവശ്യവും കുറവാണെന്നും കച്ചവടക്കാര്‍ കുറെ ബുദ്ധിമുട്ടകള്‍ നേരിടുന്നുണ്ട് എന്നുമാണ് അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റിയുടെ നിലപാട്. തക്കാളി, കാപ്‌സിക്കം, കോളിഫ്‌ളവര്‍, കാബേജ് എന്നിവ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് താല്‍പ്പര്യമില്ലാത്ത അവസ്ഥയാണ്.
കണക്കുകള്‍ പറയുന്നത് തക്കാളിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 203 രൂപയിലെത്തു നില്‍ക്കുന്നു എന്നാണ്. കഴിഞ്ഞ രണ്ട് മാസമായി കാലാവസ്ഥാ വ്യതിയാനവും രാജ്യത്ത് മുഴുവനുമുള്ള തക്കാളി വിതരണത്തെ ബാധിച്ചു.
കേരളത്തില്‍ പലയിടങ്ങളിലും കിലോയ്ക്ക് 180-200 രൂപയാണ് ചില്ലറവില്‍പ്പനവില. ജൂണില്‍ 30-40 രൂപയായിരുന്നു തക്കാളിയുടെ വില. ഇതാണ് ഇപ്പോള്‍ 300ലേക്ക് എത്താന്‍ തയാറെടുത്ത് നില്‍ക്കുന്നത്.

