വിപണിയുടെ ആവശ്യവും പുത്തന്‍ പ്രവണതകളും തിരിച്ചറിഞ്ഞ് ചോക്ലേറ്റ് ഉത്പന്നങ്ങളില്‍ വൈവിധ്യവുമായി മില്‍മ. പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റും ബട്ടര്‍ ബിസ്‌ക്കറ്റും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളാണ് മില്‍മ പുതിയതായി വിപണിയിലെത്തിച്ചത്.
മൂന്ന് തരം ഡാര്‍ക്ക് ചോക്ലേറ്റുകള്‍, ഡെലിസ മില്‍ക്ക് ചോക്ലേറ്റ്, മില്‍മ ചോക്കോഫുള്‍ രണ്ട് വകഭേദങ്ങള്‍, ഒസ്മാനിയ ബട്ടര്‍ ബിസ്‌ക്കറ്റ്, ബട്ടര്‍ ഡ്രോപ്സ് എന്നിവ മില്‍മ വിപണിയില്‍ അവതരിപ്പിച്ചു.
കഴിഞ്ഞ ദിവസം കേരളീയം പരിപാടിയുടെ ഭാഗമായി വെള്ളയമ്പലം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന ക്ഷീരവികസന സെമിനാറില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് ഉത്പന്നങ്ങളുടെ അവതരണവും വിപണനോദ്ഘാടനവും നിര്‍വ്വഹിച്ചത്. പ്രീമിയം ചോക്ലേറ്റുകള്‍ എന്‍ഡിഡിബി ചെയര്‍മാന്‍ ഡോ. മീനേഷ് സി. ഷായും, ഒസ്മാനിയ ബട്ടര്‍ ബിസ്‌കറ്റും ബട്ടര്‍ ഡ്രോപ്സും ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ പ്രസിഡന്റും മുന്‍ അമൂല്‍ എംഡിയുമായ ഡോ. ആര്‍.എസ് സോധിയും മന്ത്രിയില്‍ നിന്ന് സ്വീകരിച്ചു.
അമൂലിനു ശേഷം ഡാര്‍ക്ക് ചോക്ലേറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ സഹകരണ സ്ഥാപനമാണ് മില്‍മ.മില്‍മ ഡാര്‍ക്ക് ചോക്ലേില്‍ 50 ശതമാനത്തിലധികം കൊക്കോ അടങ്ങിയിട്ടുണ്ടെന്ന് സ്ഥാപനം അവകാശപ്പെടുന്നു. രോഗപ്രതിരോധ ശേഷിയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്ന ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായകമാണ്.

