സ്‌കോഡ തങ്ങളുടെ സെഡാനായ സൂപ്പര്‍ബിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ സൂപ്പര്‍ബ് പ്രീമിയം സെഡാന്‍ ഇന്ത്യന്‍ വിപണിയിലും വൈകാതെ എത്തിയേക്കാം. ഡിസൈനിലും ഫീച്ചറുകളിലും നിരവധി പുതുമകളോടെയാണ് പുതിയ സ്‌കോഡ സൂപ്പര്‍ബ് വരുന്നത്.
ഡിസൈന്‍, സുരക്ഷ, സൗകര്യം, വിശാലമായ സ്പേസ് തുടങ്ങി എല്ലാ ഘടകങ്ങളിലും മികച്ച നിലവാരം പുലര്‍ത്തിയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. 1.5 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം, 2.0 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍, ടിഡിഐ ഡീസല്‍ എന്‍ജിന്‍ തുടങ്ങിയ വകഭേദങ്ങളിലാണ് കാര്‍ ലഭ്യമാകുന്നത്.
100 കിലോമീറ്ററിലധികം വൈദ്യുത റേഞ്ചുമായി പുതിയ പ്ളഗ് ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ 110 കിലോവാട്ട് മുതല്‍ 195 കിലോവാട്ടിന്റെ ഔട്ട്പുട്ട് നല്‍കുന്നു. ഓള്‍ വീല്‍ ഡ്രൈവുമായാണ് ടോപ് ഡീസല്‍, ടോപ് പെട്രോള്‍ എഞ്ചിന്‍ മോഡലുകള്‍ വരുന്നത്. പുതിയ സൂപ്പര്‍ബിലെ എല്ലാ പവര്‍ട്രെയിനുകളും ഡിഎസ്ജി ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.
ന്യൂ ജനറേഷന്‍ എല്‍ഇഡി മാട്രിക്സ് ബീം ഹെഡ്ലൈറ്റുകളും ഡിസിസി പ്ളസും ആദ്യമായി സൂപ്പര്‍ബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശില്‍പഭംഗിയോട് കൂടിയ എക്സ്റ്റീരിയര്‍ ഡിസൈനും പുതിയ ഒക്ടാഗണല്‍ സ്‌കോഡ ഗ്രില്ലും പ്രധാനപ്പെട്ട സവിശേഷതകളാണ്.
10 എയര്‍ബാഗുകളുള്ള സ്‌കോഡ സൂപ്പര്‍ബില്‍ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, അഡാപ്റ്റീവ് ലെയ്ന്‍ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എമര്‍ജന്‍സി സ്റ്റിയറിങ് അസിസ്റ്റ്, ട്രാഫിക് ജാം അസിസ്റ്റ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ ആന്‍ഡ് സ്ലീപ്പ് അസിസ്റ്റ്, ഓട്ടോമേറ്റഡ് പാര്‍ക്കിങ് എനേബിള്‍ ചെയ്ത ഇന്റലിജന്റ് പാര്‍ക്ക് അസിസ്റ്റ് ഫംഗ്ഷനുകള്‍ തുടങ്ങിയ എഡിഎഎസ് ഫീച്ചറുകളും ഉണ്ട്.

