നവീകരിച്ച കോര്‍ പ്രോസസറും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഫോട്ടോഗ്രാഫി സവിശേഷതകളും ഉള്‍ക്കൊള്ളുന്ന പിക്‌സല്‍ 8 സ്മാര്‍ട്ട്ഫോണുകള്‍ ലോഞ്ച് ചെയ്ത് ഗൂഗിള്‍. ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ഗൂഗിളിന്റെ വാര്‍ഷിക ഹാര്‍ഡ്വെയര്‍ ലോഞ്ച് പരിപാടിയായ മെയ്ഡ് ബൈ ഗൂഗിള്‍ ഇവന്റിലാണ് പുതിയ ഗാഡ്ജറ്റുകള്‍ അവതരിപ്പിച്ചത്. ഫോണുകള്‍ക്കൊപ്പം പുതിയ സ്മാര്‍ട്ട് വാച്ചും കമ്പനി ലോഞ്ച് ചെയ്തിട്ടുണ്ട്.
പിക്‌സല്‍ 7 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്‍പ്പനയാണ് പിക്‌സല്‍ 8 നും ഉള്ളത്. കൂടുതല്‍ പരിഷ്‌ക്കരിച്ച ആകാരവും പിക്സല്‍ 7 നേക്കാള്‍ വലിപ്പക്കുറവും ആദ്യ ലുക്കിലെ പ്രത്യേകതയാണ്. അതേസമയം പ്രീമിയം കളര്‍ ഓപ്ഷനുകളും മാറ്റ് ഗ്ലാസ് ബാക്കുമാണ് പിക്സല്‍ 8 പ്രോയുടെ ഡിസൈനിലെ പ്രത്യേകത. ഇയര്‍ ബഡ്ഡായ പിക്സല്‍ ബഡ്സ് പ്രോ ഏറ്റവും പുതിയ പിക്സല്‍ സ്മാര്‍ട്ട്ഫോണുകളുടെ സൗന്ദര്യത്തെ പൂരകമാക്കുന്നതിന് അവയോടു ചോര്‍ന്ന പുതിയ കളര്‍ ചോയിസുകളും വാഗ്ദാനം ചെയ്യുന്നു.
മെച്ചപ്പെടുത്തിയ എഐ ശേഷികളോട് കൂടിയ ടെന്‍സര്‍ ഏ3 ചിപ്‌സെറ്റ് പിക്സല്‍ 8 ഫോണുകളുടെ കരുത്ത് വര്‍ധിപ്പിക്കുന്നു. 48 മെഗാപിക്സല്‍ ക്യാമറയാണ് ഫോണുകളിലുള്ളത്. പിക്സല്‍ 8 ഫോണുകളുടെ വില 699 ഡോളറാണ്. പിക്സല്‍ 8 പ്രോ ഫോണുകളുടെ വില 999 ഡോളറിലും ആരംഭിക്കുന്നു. ഒക്ടോബര്‍ 12 മുതല്‍ ഫോണുകള്‍ വിപണിയില്‍ ലഭ്യമാകും.
നവീകരിച്ച പിക്സല്‍ വാച്ച് 2 ന് പുതിയ ക്വാഡ് കോര്‍ സിപിയുവിന്റെ കരുത്തുണ്ട്. ഒറ്റ ചാര്‍ജില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ഗൂഗിള്‍ മാപ്‌സും ജിമെയിലും വാച്ചില്‍ ലഭ്യമാണ്.

