ഡിസംബറോടെ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം കുറയുമെന്ന് ധനകാര്യ സെക്രട്ടറി ടി വി സോമനാഥന്‍. സീസണല്‍ ഘടകങ്ങള്‍ അനുകൂലമാകാന്‍ തുടങ്ങിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം കേന്ദ്ര ബാങ്കിന്റെ 2%-6% സഹന നിരക്കിന്റെ മുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് പരാമര്‍ശം. ജൂലൈയില്‍ 15 മാസത്തെ ഉയര്‍ന്ന നിരക്കായ 7.44% ലായിരുന്നു പണപ്പെരുപ്പം. ഓഗസ്റ്റിലും പണപ്പെരുപ്പം ഉയര്‍ന്നു തന്നെ നിന്നു.
ക്രമരഹിതമായ കാലാവസ്ഥാ സാഹചര്യങ്ങള്‍ പച്ചക്കറികള്‍, പാല്‍, ധാന്യങ്ങള്‍ തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചതിനാല്‍ ഭക്ഷ്യവിലയിലെ കുത്തനെയുള്ള കുതിച്ചുചാട്ടമാണ് പണപ്പെരുപ്പത്തിന് പ്രധാന കാരണം.
ഡിസംബര്‍ പാദത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം 5.7 ശതമാനമായി കുറയുമെന്നും 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 5.4 ശതമാനമായി താഴുമെന്നും ആര്‍ബിഐ പ്രവചിക്കുന്നു.
2025-26 ഓടെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 4.5 ശതമാനത്തില്‍ താഴെ എത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ധനകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. 2024 മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 5.9% ധനക്കമ്മിയാണ് രാജ്യം ലക്ഷ്യമിടുന്നത്.

