ചൈനയില്‍ വികസനത്തിന് നല്ലൊരു പങ്കുവഹിച്ച സ്‌പെഷല്‍ ഇക്കണോമിക് സോണുകള്‍ (SEZ) പോലെ കേരളത്തിലും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതി. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ സംസ്ഥാന ബജറ്റിലാണ് ആശയം അവതരിപ്പിച്ചത്. ചൈനയുടെ വികസനത്തിന് കാരണമായ പദ്ധതി കേരളത്തിനും ഗുണം ചെയ്യുമെന്നാണ് അനുമാനം.
ചൈനയില്‍ സ്‌പെഷല്‍ ഇക്കണോമിക് സോണുകള്‍ ജിഡിപിയുടെ 22 ശതമാനം, മൊത്തം ദേശീയ വിദേശ നേരിട്ടുള്ള നിക്ഷേപത്തിന്റെ 45 ശതമാനം, കയറ്റുമതിയുടെ 60 ശതമാനം എന്നിങ്ങനെ സംഭാവന ചെയ്തിട്ടുണ്ട്. അതുപോലെ കേരളത്തില്‍ സ്‌പെഷല്‍ ഇക്കണോമിക് സോണുകള്‍ കൊണ്ടുവന്നാല്‍ വന്‍ വളര്‍ച്ച സാധ്യതയാണ് സര്‍ക്കാര്‍ കാണുന്നത്.
സ്‌പെഷല്‍ ഇക്കണോമിക് സോണുകള്‍ തൊഴിലവസരങ്ങള്‍ കൂട്ടുമെന്ന കണക്കുകൂട്ടലും സര്‍ക്കാരിനുണ്ട്. കേരളത്തില്‍ നിന്നുള്ള കയറ്റുമതി കൂടാനും ഇത് സഹായിക്കും. പ്രവാസി മലയാളികളെ ഉള്‍പ്പെടുത്തി ആയിരിക്കും ഇത് നടപ്പിലാക്കുക. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതോടെ കേരളത്തിന്റെ വികസനത്തിന് ആക്കം കൂടും എന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ട്.

